കാസര്‍കോട്: കാസര്‍കോട് കെ.എസ്ആര്ടിസി ബസ്റ്റാന്റിന് മുന്നിലുള്ള ഹോട്ടല്‍ ഉള്‍പ്പെടെ ലോഡ്ജുകളും നിരവധി വ്യാപാര സ്ഥാപനങ്ങളും ബാങ്കും പ്രവര്‍ത്തിക്കുന്ന കെട്ടിട സമുച്ചയത്തിലെ കക്കൂസ് ടാങ്കിലെ മാലിന്യങ്ങളും മലിന ജലവും റോഡിന്റെ ഓവു ചാലിലേക്കു പമ്പു ചെയ്തു വിടുന്നത് ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും കണ്ടു പിടിച്ച് തടഞ്ഞു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ കെട്ടിടത്തില്‍ നിന്ന് മലിന ജലം റോഡ് അരികിലുള്ള ഓവുചാലിലേക്ക് മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്യുന്നത് കണ്ടയുടനെ ഓട്ടോ ഡ്രൈവര്‍മാര്‍ അതു തടയാന്‍ ശ്രമിച്ചുവെങ്കിലും കെട്ടിട അധികൃതര്‍ ഓട്ടോ ഡ്രൈവര്‍മാരുടെ നിര്‍ദ്ദേശം അവഗണിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ നാട്ടുകാരെയും മുനിസിപ്പാലിറ്റിയേയും പോലീസിനെയും വിവരമറിയിച്ചു.
സംഭവമറിഞ്ഞു സ്ഥലത്തെത്തിയ മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് പി.രമേശന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പമ്പിംഗ് തടഞ്ഞു. പോലീസും മുനിസിപ്പല്‍ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ഈ കെട്ടിടത്തിലെ കക്കൂസ് മാലിന്യം പതിവായി റോഡിന്റെ ഓവു ചാലിലേക്കു പമ്പു ചെയ്യാറാണ് പതിവെന്ന് ആരോപണമുണ്ട്. നഗരവും പരിസരങ്ങളും മാലിന്യങ്ങള്‍ മൂലം പകര്‍ച്ച വ്യാധി ഭീഷണി നേരിടുമ്പോഴാണ് വന്‍ അപകട ഭീഷണി ഉയര്‍ത്തുന്ന ഈ നടപടിയെന്ന് ആക്ഷേപമുണ്ട്. വന്‍കെട്ടിട സമുച്ചയങ്ങളുടെ മാലിന്യങ്ങള്‍ നിയമപരമായി അവിടെ തന്നെ സംസ്ക്കരിക്കേണ്ടതാണ്. നേരത്തെ ഇതേ കെട്ടിടത്തിലെ മാലിന്യങ്ങളും മലിനജലവും സമീപത്തെ വീട്ടുകിണറുകളില്‍ കലരുന്നതായി പരാതി ഉയര്‍ന്നിരുന്നു.
നഗരത്തില്‍ കെട്ടിട നിര്‍മ്മാണച്ചട്ടം നടപ്പാക്കുന്നതില്‍ നഗരസഭാ അധികൃതര്‍ വരുത്തിയ വീഴ്ചയാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊറക്കോട്ടും ഇത്തരത്തില്‍ ഹോട്ടല്‍, ലോഡ്ജ് മാലിന്യങ്ങള്‍ ഓവുചാലിക്കൊഴുക്കുന്നതു വിവാദമായിരുന്നു. അതു സംബന്ധിച്ചു ഹരിത െ്രെടബ്യൂണലില്‍ കേസുമുണ്ടായിരുന്നു. എന്നാല്‍ കേസില്‍ വിധിവരുന്നതിനു മുമ്പ് ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുമുള്ള വന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആ കേസ് പിന്‍വലിക്കുകയായിരുന്നു. കാസര്‍കോടു നഗരത്തിലെ പല വന്‍കിട കെട്ടിടങ്ങളുടെ കക്കൂസ് ടാങ്കുകളിലെ മാലിന്യങ്ങള്‍ നഗരത്തിലൂടെ കടന്ന് പോകുന്ന തുറന്ന് കിടക്കുന്ന ഓവുചാലുകളിലേക്ക് ഇപ്പോഴും ഇത്തരത്തില്‍ ഒഴുക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പലപ്പോഴും പരാതികളുമായി ആരെങ്കിലും നഗരസഭയെ സമീപിച്ചാല്‍ ഭരണ സ്വാധീനമുപയോഗിച്ച് പരാതി പൂഴ്ത്തുകയാണ് പതിവെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: