ജവഹര്‍ കോളനി
ഇരിങ്ങാലക്കുട : നഗരസഭ നിര്‍മ്മിച്ചു നല്കിയ ജവഹര്‍ കോളനിയിലെ വാര്‍ഡുകളിലും, ഫഌറ്റുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണെന്ന് പരാതി. 2008 ലാണ് ചേരി നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി നഗരസഭ 20 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്.
ഈ വീടുകളിലേയ്ക്ക് പൈപ്പ് കണക്ഷനുകള്‍ നല്‍കിയിരുന്നു. എന്നാല്‍ 2010 ല്‍ നഗരസഭ 24 ഫഌറ്റുകള്‍ കൂടി നിര്‍മ്മിച്ചുനല്‍കിയെങ്കിലും നിലവിലുള്ള കുടിവെള്ള കണക്ഷനില്‍ നിന്നും ഫഌറ്റുകളിലേയ്ക്ക് വീതം വെച്ച് നല്‍കുകയായിരുന്നെന്ന് കോളനി നിവാസികള്‍ പറയുന്നു. അതോടെ കുടിവെള്ള പ്രശ്നം തുടങ്ങി. കഴിഞ്ഞ ഒരു മാസമായി കോളനിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. വീടുകളിലെ പൈപ്പുകളിലൂടെ നൂല് പോലെയാണ് വെള്ളം ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു. നിലവില്‍ അവിടെയുള്ള 42 കുടുംബങ്ങള്‍ ഭക്ഷണം വയ്ക്കാനും മറ്റും കോളനിയിലുള്ള രണ്ട് പൊതുടാപ്പുകളെയാണ് ആശ്രയിക്കുന്നത്. അതുതന്നെ ഒരു ബക്കറ്റ് വെള്ളം പിടിക്കാന്‍ ഒരു മണിക്കൂറോളം ബുദ്ധിമുട്ടണമെന്നും അവര്‍ കുറ്റപ്പെടുത്തി. മറ്റാവശ്യങ്ങള്‍ക്ക് സമീപത്തെ കിണറുകളും, കുളങ്ങളുമാണ് ഇവരുടെ ആശ്രയം. പുതുതായി നഗരസഭ നിര്‍മ്മിച്ചുനല്‍കിയ 62 ഫഌറ്റുകളിലും ഇതുവരെ കുടിവെള്ള കണക്ഷന് നല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്.
കൂടാതെ സമീപത്തെ ഒരു കിണര്‍ നഗരസഭ അധികൃതര്‍ വ്യത്തിയാക്കി നല്‍കിയെങ്കിലും വീട്ടാവശ്യത്തിന് സമീപത്തെ മറ്റ് കിണറുകളെ ആശ്രയിക്കേണ്ട ഗതികേടാണെന്നും നാട്ടുകാര്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നഗരസഭയ്ക്ക് പരാതി നല്‍കിയെങ്കിലും കുടിവെള്ളം ഉറപ്പുവരുത്താന്‍ ഇതുവരെയും നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: