അപ്പാഞ്ചിറ: അപ്പാഞ്ചിറ ഫയര്‍ഫോഴ്‌സ് ആഫീസിനു മുന്‍പിലെ ഗതാഗത തടസ്സമുണ്ടാക്കുന്ന വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അപ്പാഞ്ചിറ പൗരസമിതി ആവശ്യപ്പെട്ടു. ഒരു കിലോമീറ്ററോളം നീളവും 15 അടിയിലധികം വീതിയുമുണ്ടായിരുന്ന തോട് സ്വകാര്യവ്യക്തികള്‍ കൈയ്യേറി നികത്തിയതു മൂലമാണ് വെള്ളക്കെട്ടുണ്ടാകുന്നതെന്ന് പൗരസമിതി ആരോപിച്ചു. മഴക്കാലത്ത് വൈക്കം-കോട്ടയം റോഡില്‍ 3 അടിയോളം വെള്ളം പൊങ്ങുന്നതുമൂലം ഗതാഗത തടസ്സവും ഉണ്ടാകുന്നു. കൂടാതെ സമീപത്തെ വീടുകളിലും വെള്ളം കയറുന്നു. കയ്യേറിയ തോട് വീതികൂട്ടി വശങ്ങളില്‍ കരിങ്കല്‍ കെട്ടി സംരക്ഷിക്കണമെന്നും തരിശായി കിടക്കുന്ന 30 ഏക്കറോളം വരുന്ന നിലം കൃഷിചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും നിവേദനം നല്കുവാനും പൗരസമിതി തീരുമാനിച്ചു. അപ്പാഞ്ചിറ പൊന്നപ്പന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സാബു മത്തായി, അബ്ബാസ് നടയ്‌ക്കമ്യാലില്‍, ജോസഫ് തോപ്പില്‍, ബെന്നി മൈലംവേലില്‍, പൂവക്കേരി പാപ്പച്ചന്‍, രവീന്ദ്രന്‍ കെ.ബി., ജിമ്മി മൈലംവേലില്‍, മുകുന്ദന്‍ അപ്പാഞ്ചിറ, രാജു തറപ്പേല്‍ എന്നിവര്‍ പ്രംസഗിച്ചു. അപ്പാഞ്ചിറ പൊന്നപ്പന്‍-പ്രസിഡന്റ്, സാബു മത്തായി-സെക്രട്ടറി, ബെന്നി മൈലംവേലി ട്രഷറാര്‍ എന്നിവരടങ്ങുന്ന പതിനൊന്നംഗ കമ്മറ്റിയേയും തെരഞ്ഞെടുത്തു.
















