കോട്ടയം: കുമരകത്തെ സിപിഎം നേതാവും ക്രിമിനല്‍കേസ് പ്രതിയുമായ അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിക്കുവാന്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പില്‍ ത്വരിത ശ്രമം നടക്കുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ആരോപിച്ചു. പഞ്ചായത്തംഗമായ ജയകുമാറിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് നരഹത്യാശ്രമത്തിന് കുമരകം പോലീസ് രജിസ്റ്റര്‍ ചെയ്തതും കോട്ടയം സെഷന്‍സ് കോടതിയില്‍ നിലവിലുള്ളതുമായ ട-ഇ-407 2015 നമ്പര്‍ കേസാണ് പിന്‍വലിക്കുന്നതിന് ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച് കുമരകം പോലീസിനോട് ആഭ്യന്തരവകുപ്പ് അഭിപ്രായം തേടിയിരുന്നതായി അറിയുന്നു. കേസു പിന്‍വലിക്കുവാനുള്ള അധികാരം ഗുരുതര സ്വഭാവമില്ലാത്തും തുടര്‍ന്ന് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സാദ്ധ്യതയില്ലാത്തതുമായ കേസുകളിലാണ് സര്‍ക്കാര്‍ അപൂര്‍വ്വമായി വിനിയോഗിക്കാറുള്ളത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷവും നിരന്തരം രാഷ്‌ട്രീയ സംഘടനകള്‍ നടന്നിട്ടുള്ള കുമരകത്തു നടന്ന ഗൗരവ സ്വഭാവമുള്ള കേസ് ഏകപക്ഷീയമായി പിന്‍വലിക്കുന്നത് ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് വഴിവെക്കും. സി.പി.എമ്മുകാര്‍ നടത്തിയ നിരവധി അക്രമണങ്ങളുടെ ആസൂത്രകനെന്ന് ആരോപിക്കപ്പെടുന്ന ആളാണ് ഈ അഭിഭാഷകന്‍. ഇയാള്‍ പോസിക്യൂട്ടറായാല്‍ രാഷ്‌ട്രീയ സംഘര്‍ഷങ്ങളില്‍ പ്രതിയാക്കപ്പെട്ട സി.പി.എം. ഇതര കക്ഷികളുടെ പ്രവര്‍ത്തകര്‍ക്ക് നീതി നിഷേധിക്കപ്പെടും. പ്രതിയെ പോസിക്യൂട്ടറാക്കി നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുവാനുള്ള ശ്രമത്തെ ശക്തമായി നേരിടുമെന്ന് എന്‍.ഹരി മുന്നറിയിപ്പിനല്കി.
















