ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പൂര്വ്വി ഒരുക്കുന്ന വാദിത്രം നാളെ രാവിലെ 10 മണി മുതല്‍ ഇരിങ്ങാലക്കുട നടവരമ്പ് ശ്രീതൃപ്പയ്യ ക്ഷേത്രാങ്കണത്തിലുള്ള ഒരുക്കിയിയ വേദിയില്‍ നടക്കും. പഞ്ചവാദ്യത്തിന്റെ വ്യാകരണപരവും ഘടനാപരവുമായ വിവിധ വശങ്ങളെ നവാഗതരെ പരിചയപ്പെടുത്തുന്ന പഠനപരിപാടിയും, ചര്‍ച്ചയും, കേരളീയമേളപദ്ധതികളുടെ സമാനതകളെയും വൈജാത്യങ്ങളെയും വിശകലനം ചെയ്യുന്ന സോദാഹരണപ്രഭാഷണവും, ചര്‍ച്ചയും, കൂടാതെ വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യവുമാണ് വാദ്യത്രത്തിന്റെ ഉള്ളടക്കമെന്ന് പൂര്‍വി ഡയറക്ടര്‍ രമേശന് നമ്പീശന് അറിയിച്ചു. രാവിലെ 10 ന് കരിയന്നൂരിന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യം രീതിയും രീതിശാസ്ത്രവും (പഞ്ചവാദ്യത്തിന്റെ വ്യാകരണപദ്ധതിയും ഇന്നത്തെ അവതരണരീതിയും എന്നതിനെക്കുറിച്ചുള്ള ചര്‍ച്ച), ഉച്ചക്ക് 2 നു കലാനിലയം ഉദയന്‍ നമ്പൂതിരി കാലം, താളം, ഉള്ളടക്കം തായമ്പക, മേളം എന്നീ കലകളില്‍ എന്ന വിഷയത്തില്‍ : സോദാഹരണപ്രഭാഷണവും ചര്‍ച്ചയും നടക്കും. പ്രശസ്ത നിരൂപകനും സംഘാടകനുമായ രാജാനന്ദ് ആണ് ഈ പരിപാടിയുടെ മോഡറേറ്റര്‍. വൈകീട്ട് 4.30 ന് ചെര്‍പ്പുളശ്ശേരി ശിവനും കരിയന്നൂരും നയിക്കുന്ന 40ല്‍ പരം കേരളത്തിലെ കലാകാരന്മാര് പങ്കെടുക്കുന്ന മേജര്‍ സെറ്റ് പഞ്ചവാദ്യവും ഉണ്ടായിരിക്കും. മലയാളി വളര്‍ത്തിയെടുത്ത മഹത്തായ ഒരു മാര്‍ഗ്ഗി വാദ്യപാരമ്പര്യമുണ്ട്.
പക്ഷെ ഇന്നത്തെ പല അരങ്ങുകളിലും ഉപരിവിപ്ലവമായ ആസ്വാദനത്തിനപ്പുറം ഇത്തരം കലാവതരണങ്ങള്‍ പലതും കടന്നു ചെല്ലുന്നില്ല. കൂടാതെ അവതരണ രീതികളില്‍ പോലും അടിസ്ഥാന ഘടനയില്‍ നിന്നു പോലും വ്യതിചലിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ആയതിനാല്‍ തന്നെ ആസ്വാദകരിലും സംഘാടകരിലും പ്രയോക്താക്കളിലും ഈ കലകളിലെ അടിസ്ഥാന വശങ്ങളെ കുറിച്ച് അവബോധനത്തിന്റെയും ധാരണയുടെയും തിരുത്തലിന്റെയും കാലങ്ങളായി വന്ന അപഭ്രംശങ്ങളേയും ദൂരീകരികരിക്കുന്നതിനും, ആസ്വാദകപരിപോഷണത്തിലൂടേയും ക്ഷേത്രാ നുഷ്ഠാന ങ്ങളുടേയും ഭാഗമായി രൂപപ്പെട്ട ഈ വാദ്യസംസ്കൃതിയുടെ ഉള്ളറകളിലേയ്ക്ക് കടന്നു ചെല്ലുന്നതിനായും വാദിത്രം എന്ന പരിപാടിയിലൂടെ പൂര്‍വി ഒരു നൂതനസംരംഭം ഒരുക്കുകയാണെന്ന് രമേശന് നമ്പീശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: