നട്ടാശ്ശേരി: ചവിട്ടുവരി-വെള്ളൂപ്പറമ്പ് റോഡ് കയ്യേറിയുള്ള ആക്രികച്ചവടം പൊതുജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. ചവിട്ടുവരി പാലത്തിന് കിഴക്കുവശം റോഡിന്റെ ഇരുവശവുമാണ് സ്വകാര്യവക്തി കയ്യേറി പാഴ്‌വസ്തുക്കളുടെ ഗോഡൗണാക്കി മാറ്റിയിട്ടുള്ളത്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സാബു എന്നയാളാണ് ഇങ്ങനെ റോഡു പുറമ്പോക്കു കയ്യേറിയിട്ടുള്ളത്. ഇതുമൂലം വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ദുരിതമായിരിക്കുകയാണ്. ഒരു വശത്ത് ഇയാള്‍ വീടുനിര്‍മ്മിച്ചു എന്നു മാത്രമല്ല പൊതുജനങ്ങള്‍ക്കു ഉപയോഗിക്കുവാനുള്ള കുളിക്കടവും കയ്യേറി അടച്ചുകെട്ടിയിരിക്കുന്നു. പ്ലാസ്റ്റിക്, ഇരുമ്പ്, വാഹനങ്ങളുടെ ഭാഗങ്ങള്‍ എല്ലാം ഇയാള്‍ റോഡരികിലാണ് സൂക്ഷിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്, തെര്‍മോക്കോള്‍ തുടങ്ങിയവ കൂട്ടിയിട്ട് കത്തിക്കുന്നതു കൊണ്ട് സമീപവാസികള്‍ക്ക് ശ്വാസതടസ്സവും മറ്റും ഉണ്ടാകുന്നതായും പറയുന്നു. പതിനഞ്ചോളം കാന്‍സര്‍ രോഗികളാണ് ഈ ഭാഗത്തുള്ളത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ചുണ്ടാകുന്ന പുക ശ്വസിക്കുന്നതു മൂലമാകാം ഇത്രയധികം രോഗികള്‍ ഉണ്ടാകാന്‍ കാരണമെന്നും നാട്ടുകാര്‍ പറയുന്നു. ഇയാള്‍ക്കെതിരെ പലപ്രാവിശ്യം അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല. പരാതി നല്‍കുന്നവരെ പട്ടികവര്‍ഗ്ഗ പീഢനം എന്നു പറഞ്ഞു ഭീഷണിപ്പെടുത്തുന്നതായും പറയപ്പെടുന്നു.
ഇയാള്‍ക്ക് പേരൂര്‍ ഭാഗത്ത് സ്വന്തമായി വാസയോഗ്യമായ വീടും സ്ഥലവും ഉള്ളതായും അറിയുന്നു. ഇയാളെ ഇവിടെനിന്നും ഒഴിപ്പിച്ച് മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധത്തിലാണ്. പൊതുമരാമത്ത് വകുപ്പിന് പരാതിനല്‍കി കാത്തിരിക്കുകയാണ് ഇവര്‍.
















