ബിജെപി ജില്ലാനേതൃയോഗത്തില്‍ സംസ്ഥാന സഹസംഘടനാസെക്രട്ടറി കെ.സുഭാഷ് സംസാരിക്കുന്നു.
തൃശൂര്‍: തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ നിര്‍ധനരായ ആയിരക്കണക്കിന് രോഗികളുടെ ആശ്രയകേന്ദ്രമായ മെഡിക്കല്‍ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജിന്റെ ഇന്നത്തെ നില അത്യന്തം ശോചനീയമാണ്. സംസ്ഥാനത്ത് ഏറ്റവും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന ഖ്യാതിലഭിച്ച മെഡിക്കല്‍കോളേജിന്റെ അവസ്ഥ ഇന്ന് പരിതാപകരമാണ്. ആവശ്യത്തിന് ഡോക്ടര്‍മാരോ ഹൗസ് സര്ജന്മാരോ നേഴ്സുമാരോ മറ്റു ജോലിക്കാരോ ഇല്ലാത്ത സ്ഥിതിയാണ്. ജില്ലാകമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി കെ.കെ.അനീഷ്കുമാര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഡോക്ടര്‍മാരുടെ നിയമനം നടന്നിട്ട് അഞ്ചുവര്‍ഷത്തിലധികമായി. 150ഓളം ഹൗസ് സര്ജന്മാര് കോഴ്സ് കഴിഞ്ഞ് ഇറങ്ങിയിട്ടും പുതിയവരെ നിയമിക്കുവാന്‍ യാതൊരു സംവിധാനവും ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല. ഡോക്ടര്‍മാരുടെ അപര്യാപ്തതയും മെഡിക്കല്‍ കോളേജിന് ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇതിനെല്ലാംപുറമെ ഡ്യൂട്ടിസമയത്ത് ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് രോഗികളുടെ ദുരിതം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
മധ്യകേരളത്തിലെ കാന്‍സര്‍ രോഗികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഈ മെഡിക്കല്‍ കോളേജിനെയാണ്. എന്നാല്‍ ഇവര്‍ക്കാവശ്യമായ പരിചരണം നല്‍കുന്നതിന് യാതൊരു സംവിധാനവും ഇല്ലാത്ത നിലയിലാണ്. റേഡിയേഷന് പോലും യഥാസമയം ഇവിടെ പ്രവര്‍ത്തിക്കുന്നില്ല. തന്മൂലം സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികള്‍. എന്നാല്‍ ഇവിടെയെത്തുന്ന രോഗികളാകട്ടെ നിര്‍ധനരും പാവപ്പെട്ടവരുമാണ്. റേഡിയേഷന് തീയതി നിശ്ചയിച്ച് രോഗികള്‍ എത്തുമ്പോള്‍ ഉപകരണം തകരാറിലായി എന്ന കാരണത്താല്‍ പലപ്പോഴും അവരെ മടക്കി അയക്കുന്ന സ്ഥിതിവിശേഷമാണ്. നിരവധി ഉപകരണങ്ങള്‍ തുരുമ്പെടുത്ത് തുടങ്ങിയിട്ടും ഡെന്റല്‍ കോളേജ് ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. അതിനുള്ള നടപടി എടുക്കുന്ന കാര്യത്തില്‍ അധികൃതരും നിസ്സംഗത പുലര്‍ത്തുകയാണ്.
മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിന്റെ സൗകര്യവും അപര്യാപ്തമാണ്. വൈദ്യുതി തകരാര്‍, ആശുപത്രിപ്രവര്ത്തനത്തെ പലപ്പോഴും പ്രതികൂലമായി ബാധിക്കുന്നു. ഇവിടെയുള്ള ജനറേറ്ററാകട്ടെ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ പലപ്പോഴും ശസ്ത്രക്രിയകള്‍ മാറ്റിവെക്കേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട്.
ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന്റെ ബാധ്യതയും ഉത്തരവാദിത്വവും സര്‍ക്കാരിനാണെന്നിരിക്കെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ രോഗികളെ ദുരിതക്കയത്തിലേക്ക് മാറ്റിവിടുവാനാണ് ശ്രമം. ഇക്കാര്യത്തില്‍ പരിഹാരം കാണുവാന്‍ ആരോഗ്യവകുപ്പുമന്ത്രി മുന്‍കയ്യെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സംസ്ഥാനസെക്രട്ടറി എ.കെ.നസീര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് എ.നാഗേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്.സംപൂര്‍ണ, സംസ്ഥാന സഹസംഘടനാസെക്രട്ടറി കെ.സുഭാഷ്, നേതാക്കളായ പി.എസ്.ശ്രീരാമന്, പി.എം.ഗോപിനാഥ്, കെ.പി.ജോര്‍ജ്ജ്, കാശിനാഥ്, ഷാജുമോന്‍ വട്ടേക്കാട്, എ.ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: