തൃശൂര്‍: കൃഷിയും മൃഗസംരക്ഷണവും ഒന്നിക്കുന്ന സംയോജിത കൃഷിയെ വരുംകാലത്തിന്റെ സാങ്കേതിക വിദ്യയുമായി അറിയപ്പെടുന്ന വെര്‍ട്ടിക്കല്‍ ഫാമിംഗുമായി സംയോജിപ്പിക്കുന്ന ”ഇന്റന്‍സീവ് ഇന്റഗ്രേറ്റഡ് വെര്‍ട്ടിക്കല്‍ ഫാമിംഗ് യൂണിറ്റ്” അഥവാ ”ഗിഗ്ഗിന്‍സ് ഫാം വില്ല” തൃശൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ നിര്‍മാണം പൂര്‍ത്തിയായി. നബാര്‍ഡിന്റെ ”റൂറല്‍ ഇന്നവേഷന്‍ ഫണ്ട്” എന്ന കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ധനസഹായത്തോടെയാണ് തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ യൂണിറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച യൂണിറ്റ് നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ വി.ആര്.രവീന്ദ്രനാഥ്,ജനറല്‍ മാനേജര്‍ ബി.സ്വാമിനാഥന്,കണ്ണൂര്‍ ജില്ലാ മാനേജര്‍ നാഗേഷ് എസ്.എസ്.,തൃശൂര്‍ ജില്ലാ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ദീപാ എസ്.പിള്ള,അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ശശിലേഖ എന്നിവര്‍ തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രം മേധാവി പ്രൊഫ.ഡോ.വി.എസ്.ഗീതക്കുട്ടിയുടെ സാന്നിധ്യത്തില്‍ സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തകയും ഭാവി പ്രവര്‍ത്തങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
2015ല്‍ ബാംഗ്ലൂരില്‍ വെച്ചു നടന്ന വെര്‍ട്ടിക്കല്‍ ഫാമിംഗിനെക്കുറിച്ചുള്ള അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ഈ യൂണിറ്റിനെക്കുറിച്ചുള്ള പ്രബന്ധം പ്രത്യേക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെയും കൃഷിവകുപ്പിന്റെയുമൊക്കെ ശ്രദ്ധ പിടിച്ചു പറ്റിയ ഈ സംരംഭത്തിന്റെ മാതൃക മാര്‍ച്ചില്‍ ദില്ലിയില്‍ വച്ചുനടന്ന ദേശീയ കാര്‍ഷിക പ്രദര്‍ശനമായ ”കൃഷി ഉന്നതിമേള 2016”ല്‍ പ്രദര്‍ശിപ്പിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം യൂണിറ്റുകളുടെ സാദ്ധ്യത പരിഗണിച്ചു വരുന്നു.
തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലുമായി മുന്‍ നിര പ്രദര്‍ശനമായി ഇത്തരം യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് മുഖേന പൂര്‍ത്തിയായി. നഗരത്തിലും നഗരപ്രാന്തങ്ങളിലുമുള്ള ചെറുകൃഷിയിടങ്ങളില്‍ സംയോജിത കൃഷി ഈ സങ്കേതികവിദ്യ ഉപയോഗിച്ച് സാധ്യമാക്കാനുള്ള പരിശീലന പരിപാടികള്‍ ഉടനെ ആരംഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: