കാഞ്ഞങ്ങാട്: ഒരു കാലത്ത് കാഞ്ഞങ്ങാടിന്റെ സാംസ്കാരിക പൈതൃകത്തിന്റെ തിലകക്കുറിയായിരുന്ന ഹൊസ്ദൂര്‍ഗ് കോട്ട ഇന്ന് അധികാരികളുടെ അലസതമൂലം വെറും ചരിത്രമായി മാത്രം മാറുകയാണ്. വര്‍ഷം തോറും കോട്ടയുടെ ഭാഗങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം ഹൊസ്ദൂര്‍ഗ് കോട്ടയുടെ തെക്ക് ഭാഗത്ത് കല്ഭിത്തിയിടിഞ്ഞു. അതുവഴിയുള്ള ഗതാഗതം നിലച്ചു. മൂന്ന് പ്രവേശന കവാടമുളളതില് തെക്ക് കിഴക്കായുളള ഭാഗമാണ് ഇടിഞ്ഞത്. തെക്ക് ഭാഗത്തായി പല സ്ഥലത്തും ഭിത്തി തകര്‍ന്നിട്ടുണ്ട്. ഭിത്തി തകര്‍ന്നതോടെ എല്‍വി ടെമ്പിള്‍ നിത്യാനന്ദാശ്രമം റോഡ് പൂര്‍ണമായും തടസപ്പെട്ടു. ദിവസങ്ങളായി റോഡ് തടസപ്പെട്ടിട്ടും അധികാരികള്‍ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ജില്ലയെ പൈതൃക നഗരമാക്കുമെന്ന് മന്ത്രിതല പ്രഖ്യാപനം വെറും പാഴ്വാക്കായി മാറുകയാണ്.
കോട്ടയുടെ മുകളില്‍ മരം വളര്‍ന്ന് വേരുകള്‍ ആഴ്ന്നിറങ്ങിയാണ് മതിലുകള്‍ തകരുന്നത്. 2010 ല്‍ പൈതൃക സംരക്ഷണ സമിതിയുടെ നിവേദനത്തെ തുടര്‍ന്ന് പുരാവസ്തു വകുപ്പ് കോട്ട ഏറ്റെടുത്ത് 22 ലക്ഷം രൂപ ചിലവില്‍ അറ്റകുറ്റപ്പണികള്‍ നടത്തി പൊളിഞ്ഞ ഭാഗത്ത് കല്ല് കെട്ടി ഉയര്‍ത്തിയിരുന്നെങ്കിലും അശാസ്ത്രീയമായ നിര്‍മാണം മൂലം മാസങ്ങള്‍ കഴിയുമ്പോേഴക്കും വീണ്ടും തകരുകയായിരുന്നെന്ന് പൈതൃക സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ സുകുമാരന്‍ പെരിയച്ചൂര്‍ പറഞ്ഞു. കോട്ട സംരക്ഷിക്കാന്‍ തദ്ദേശ വകുപ്പിന് ഇടപെടാമെന്നിരിക്കെ അവരും കോട്ടക്കു വേണ്ടി ഒന്നും ചെയ്തില്ല. പുരാവസ്തു വകുപ്പ് കോട്ട വിട്ട് തന്നാല്‍ അറ്റകുറ്റപ്പണികള്‍ നടത്തി സംക്ഷിക്കാമെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും വിട്ട് കിട്ടാനാവശ്യമായ നടപടികള്‍ കാഞ്ഞങ്ങാട് നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അധികാരികള്‍ മനസുവെച്ചാല്‍ ഹൊസ്ദൂര്‍ഗ് കോട്ടയെ ജില്ലയിലെ എറ്റവും വലിയ സാംസ്കാരിക കേന്ദ്രമാക്കി മാറ്റാന്‍ സാധിക്കുമെന്നും സുകുമാരന്‍ പെരിയച്ചൂര്‍ പറഞ്ഞു.
1731ല്‍ ഇക്കേരി നായ്കന്മാരാണ് കോട്ടയുടെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയത്. അന്ന് 32 ഏക്കര്‍ സ്ഥലമുണ്ടായിരുന്നു. ഇപ്പോള്‍ 12 ഏക്കര്‍ സ്ഥലത്തായി കോട്ട ചുരുങ്ങി. കോട്ടക്കകത്ത് എട്ട് കൊത്തളങ്ങള്‍, ഒരു കോട്ടക്കുന്ന്, 60 വട്ടക്കിണറുകള്‍, അകത്ത് പൂങ്കാവനം ശിവക്ഷേത്രം നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍, എഇ ഓഫീസ്, ഇലക്ട്രിസിറ്റി ഓഫീസ്, ഹൈസ്കൂള്‍ ഗ്രൗണ്ട് എന്നിവ സ്ഥിതിചെയ്യുന്നു. പി.സനല്‍ കുമാര്‍ ജില്ലാ കളക്ടറായിരുന്നു സമയത്ത് ഹൊസ്ദൂര്‍ഗ് കോട്ട എന്ന പേരില്‍ ബോര്‍ഡ് വെച്ചതുമാത്രമാണ് കോട്ടയ്ക്ക് വേണ്ടി ഭരണ കൂടം ചെയ്തത്. കുട്ടികളുടെ സാംസ്കാരിക പ്രസ്ഥാനമായ ബാലഗോകുലമാണ് ഹൊസ്ദൂര്‍ഗ് കോട്ടയുടെ സംരക്ഷണമാവശ്യപ്പെട്ട് ആദ്യം രംഗത്ത് വന്നത്. ഇതിനായി 2009 ജനുവരി 25 ന് 1500 ഓളം കുട്ടികള്‍ പങ്കെടുത്ത് കോട്ട സംരക്ഷണ വൃത്തം തീര്‍ത്തത് അധികാര കേന്ദ്രങ്ങളെ പിടിച്ചുകുലുക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൈതൃക സംരക്ഷണ സമിതി വിഷയം ഏറ്റെടുക്കുന്നത്. കാസര്‍കോട് ജില്ലയിലെ പൈതൃക മ്യൂസിയമായി ഹൊസ്ദൂര്‍ കോട്ടയെ മാറ്റി അതിന് എപിജെ അബ്ദുള്‍ കലാമിന്റെ പേര് നല്‍കണമെന്നും പൈതൃക സംരക്ഷണ സമിതി അവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: