ഈസ്താംബൂള്‍: സൈന്യത്തിന്റെ സഹായത്തോടെ ഒരു വിഭാഗം പ്രസിഡന്റിനെ അട്ടിമറിച്ച് ഭരണം പിടിക്കാന്‍ ശ്രമിച്ച തുര്‍ക്കിയില്‍ മാധ്യമങ്ങള്‍ക്ക് പൂട്ടുവീഴുന്നു. പതിനാറ് ടെലിവിഷന്‍ സ്‌റ്റേഷനുകളും 23 റേഡിയോ സ്‌റ്റേഷനുകളും 45 പത്രങ്ങളും പതിനഞ്ച് മാസികകളും 29 പ്രസിദ്ധീകരണ ശാലകളും പൂട്ടാനാണ് തുര്‍ക്കി സര്‍ക്കാരിന്റെ തീരുമാനം.
അട്ടിമറി ശ്രമങ്ങളില്‍ സഹായിച്ചുവെന്ന് കരുതുന്ന 149 ജനറല്‍മാരെ സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടിട്ടുമുണ്ട്. പ്രസിഡന്റ് തയിപ്പ് എര്‍ഡോഗനാണ് ഈ നീക്കങ്ങള്‍ക്കു പിന്നില്‍. മാധ്യമസ്ഥാപനങ്ങളെല്ലാം പൂട്ടാന്‍ ഉത്തരവിട്ടുകഴിഞ്ഞു. പ്രാദേശിക മാധ്യമങ്ങള്‍ക്കു മാത്രമല്ല ദേശീയ മാധ്യമങ്ങള്‍ക്കും ഉത്തരവ് ലഭിച്ചുകഴിഞ്ഞു. ഈ ആഴ്ച ആദ്യം 42 പത്രപ്രവര്‍ത്തകരെ അറസ്റ്റു ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. അട്ടിമറി ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഗുലന് സ്വാധീനമുള്ള എല്ലാ സ്ഥാപനങ്ങളും തന്റെ വരുതിയിലാക്കാനാണ് പ്രസിഡന്റിന്റെ നീക്കം.
പതിനാറായിരത്തോളം പേര്‍ തടങ്കിലിലാണ്. 87 കരസേനാ ജനറല്‍മാരെയും 30 വ്യോമസേനാ ജനറല്‍മാരെയും 32 അഡ്മിറല്‍മാരെയുമാണ് പിരിച്ചുവിട്ടത്. ഇതിനു പുറമേ ആയിരത്തിലേറെ ഓഫീസര്‍മാരെയും പിരിച്ചുവിട്ടു. ഇവര്‍ മിക്കവരും വീട്ടു തടങ്കലിലാണ്. മാധ്യമങ്ങള്‍ക്ക് എതിരായ നീക്കത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ ആശങ്ക പ്രകടിപ്പിച്ചു.
















