എരുമേലി: ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി പദ്ധതികള്‍ തയ്യാറാക്കുന്നതിനായി എരുമേലി ഗ്രാമ പഞ്ചായത്തില്‍ സര്‍വ്വകക്ഷിയോഗം നടന്നു. ഇതിന്റെ ഭാഗമായി 30ന് നടക്കുന്ന വികസന സെമിനാര്‍ നടക്കുമെന്നും അധികൃതര്‍ പറഞ്ഞു.
വിവിധ മേഖലകളിലെ വിഗദ്ധരുടെ സഹായത്തോടെ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. കൃഷ്ണകുമാര്‍ പറഞ്ഞു. വികസന പ്രവത്തനങ്ങനങ്ങളില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ അഭിപ്രായങ്ങള്‍ തേടുകയും, വിവാദങ്ങള്‍ ഒഴിവാക്കി വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്ന് കക്ഷി നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട വിവിധ സമിതികള്‍ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കി വികസന സെമിനാറില്‍ സമര്‍പ്പിക്കും.ഇതിന്റെ മുന്നോടിയായി
ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയുടെ സമഗ്ര വികസനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്‌ക്ക് പഞ്ചായത്ത് നിവേദനവും കഴിഞ്ഞ ദിവസം നല്‍കി. എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് മുഖ്യമന്ത്രിക്ക് വിവിധ വികസന പദ്ധതികളുടെ രൂപരേഖയടക്കം നിവേദനം നല്കിയത്. കനകപ്പലം 110 കെ വി സബ്‌സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്യുക, എരുമേലി ശുദ്ധജല പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കുക, എരുമേലി സര്‍ക്കാര്‍ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുക, കെ എസ് ആര്‍ ടി സി ഓപ്പറേറ്റിംഗ് സെന്ററിനെ ഡിപ്പോയായി ഉയര്‍ത്തുക, ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുക, ജലാശയങ്ങളുടെ ശുചീകരണം. തുടങ്ങിയ നിരവധി പദ്ധതികള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.
ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ പേട്ടതുളളിയതിന് ശേഷം സ്‌നാനം ചെയ്യുന്ന എരുമേലി വലിയതോട് ശുചീകരണത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ രണ്ട് കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍ പദ്ധതിക്ക് ഫണ്ട് അനുവദിച്ചിരുന്നില്ലെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിയെ അറിയിച്ചതിനെ തുടര്‍ന്ന് വലിയതോട് നവീകരണ പദ്ധതിക്കുളള രണ്ട്‌കോടി ഇരുപത് ലക്ഷം രൂപ അടിയന്തിരമായി അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും നിവേദക സംഘം പറഞ്ഞു. എരുമേലി പഞ്ചായത്ത് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ വിവിധ രാഷ്‌ട്രിയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.
















