തൃശൂര്‍:തൃശൂര്‍-പെന്നാനി കോള്‍നില വികസന സമിതിയുടെ ചെയര്‍മാനായി തൃശൂര്‍ എം.പി സി.എന്‍ ജയദേവനെ നിയമിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായതായി കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിന്റെ ഓഫീസില്‍ നിന്ന് അറിയിച്ചു. തൃശൂര്‍-പൊന്നാനി കോള്‍നില വികസന ഏജന്‍സിയുടെ ബൈലോ അനുസരിച്ച് തൃശൂര്‍ പാര്‍ലമെന്റ് അംഗമാണ് സമിതിയുടെ ചെയര്മാന് ആകേണ്ടത്.
എന്നാല്‍ നേരത്തെ പെന്നാനി പാര്‍ലമെന്റ് അംഗം ഇ.ടി മുഹമ്മദ് ബഷീറിനെ ചെയര്‍മാനാക്കി ഉത്തരവിറക്കിയിരുന്നു. ഇത് പിന്നീട് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സമഗ്ര കോള്‍ നില വികസന പദ്ധതിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച കോള്‍നില വികസന സമിതിയുടെ ചെയര്‍മാനായി പി.സി ചാക്കോയ്ക്ക് പകരം പൊന്നാനി എം.പി ഇ.ടി മുഹമ്മദ് ബഷീറിനെ നിയമിച്ചുകൊണ്ടും മറ്റ് അംഗങ്ങളെ അതേപടി നിലനിര്‍ത്തികൊണ്ടും ഉത്തരവ് പുറപ്പെടുവിച്ചതിനെതിരെ തൃശൂര്‍ ജില്ലാ കോള്‍കര്‍ഷക സംഘം ജനറല്‍ സെക്രട്ടറി എന്‍.കെ സുബ്രഹ്മണ്യന് കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി ഇ.ടി മുഹമ്മദ് ബഷീറിനെ ചെയര്‍മാനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കുകയും നിലവിലെ തൃശൂര്‍ പാര്‍ലമെന്റ് അംഗത്തെ സമിതിയുടെ ചെയര്‍മാനായി നിയമിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
തൃശൂര്‍ ജില്ലയിലെയും മലപ്പുറം ജില്ലയിലെ പൊന്നാനി മേഖലയിലെയും 15372.95 ഹെക്ടര്‍ നെല്‍വയലുകളാണ് തൃശൂര്‍-പൊന്നാനി കോള്‍നില വികസന സമിതിയുടെ പരിധിയില്‍ വരുന്നത്. ഇതില്‍ തന്നെ ഏറിയ ഭാഗവും തൃശൂര്‍ ജില്ലയിലാണ്. കരുവന്നൂര്‍ പുഴയുടെ വടക്കുവശത്ത് തൃശൂര്‍ താലൂക്കില്‍പ്പെടുന്ന കോള്‍നിലങ്ങളും മുകുന്ദപുരം താലൂക്കില്‍ ഉള്‍പ്പെടുന്ന കോള്‍നിലങ്ങളും ചാവക്കാട്, തലപ്പിള്ളി താലൂക്കുകളിലെ കോള്‍നിലങ്ങളും പൊന്നാനി താലൂക്കിലെ കോള്‍നിലങ്ങളും ഈ പദ്ധതിയ്ക്ക് കീഴില്‍ ഉള്‍പ്പെടുന്നുണ്ട്.
കേരളത്തിന് ആവശ്യമായ അരിയുടെ ഗണ്യമായ ഒരു ഭാഗം തൃശൂര്‍-പൊന്നാനി കോള്‍ മേഖലയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതോടെ ഭക്ഷ്യസ്വയംപര്യാപ്തത എന്ന മഹത്തായ ലക്ഷ്യം നേടാന്‍ കഴിയുമെന്നുമാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: