ഒരു പുഷ്പം മൊട്ടായിരിക്കുമ്പോൾ അതിന്റെ പരിമളവും സൗന്ദര്യവും അറിയാനാവില്ല അതു വിടരണം. ക്ഷമയില്ലാതെ അതു വലിച്ചുകീറിയാൽ ഒരു പ്രയോജനവുമില്ല. ആ മൊട്ട് സ്വാഭാവികമായി വിടരാൻ വേണ്ടി, ക്ഷമയോടെ കാത്തിരിക്കണം. അപ്പോൾ മാത്രമേ അതിന്റെ സൗന്ദര്യവും സൗരഭ്യവും പൂർണ്ണമായി അനുഭവിക്കാൻ കഴിയൂ. ഇവിടെ വേണ്ടത് ക്ഷമയാണ്. ഏതുകല്ലിലും വിഗ്രഹം ഒളിഞ്ഞിരിപ്പുണ്ട്. ശിൽപി അതിന്റെ വേണ്ടാത്ത ഭാഗങ്ങൾ കൊത്തിമാറ്റുമ്പോഴാണ് വിഗ്രഹം തെളിഞ്ഞു വരുന്നത്. എന്നാൽ ആ കല്ല് എത്രയോനേരം ശില്പിയുടെ മുന്നിൽ ക്ഷമയോടെ ഇരുന്ന് കൊടുക്കുന്നതിന്റെ ഫലമാണ്, അതിന്റെ ആ സൗന്ദര്യരൂപം തെളിഞ്ഞുവരുന്നത്.
















