നെന്മാറ: നെല്ലിയാമ്പതി റോഡിലെ വാഹനങ്ങളുടെ അമിത വേഗത വന്യ ജീവികളുടെ ജീവന് ഭീഷണിയാകുന്നു. ഇതു സംബന്ധിച്ച് വൈല്‍ഡ്ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തിയ പരിശോധനയില്‍ നെല്ലിയാമ്പതിയിലേക്കുള്ള വഴിയില്‍ രവി വര്‍മ എസ്റ്റേറ്റ് പരിസരത്ത് റോഡരികില്‍ റോഡപകടത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ ‘ബോണറ്റ് മക്കാക്’ എന്നയിനത്തില്‍ പെടുന്ന ഒരു ആണ്‍കുരങ്ങനെ കണ്ടെത്തുകയും അത് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. തലയ്ക്കും തുടയ്ക്കുമാണ് വലിയ മുറിവ് കാണപ്പെട്ടത് . മൃഗ ഡോക്ടറുടെ സേവനം ആവശ്യമുള്ള മുറിവാണെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തി.
വാഹനങ്ങളുടെ അമിത വേഗത കാരണം പരിക്കേറ്റതാവാമെന്നാണ് പ്രാഥമിക നിഗമനം. അവിടെയുള്ള ഒരു കുരങ്ങു സംഘത്തിന്റെ നേതാവാവാനാണ് ഈ കുരങ്ങന് സാധ്യത. പക്ഷെ ഇവന്റെ പരിസരത്ത് കൂട്ടു കുരങ്ങന്മാരെ കാണാനാവാത്തത് കുരങ്ങന് ഒറ്റപ്പെടാനുള്ള സാധ്യതയായി വിലയിരുത്തുന്നു.
അങ്ങിനെയെങ്കില്‍ വിദഗ്ധ ഡോക്ടറുടെ സേവനം അത്യാവശ്യമായി വരും. ഇക്കാര്യങ്ങള്‍ വൈല്‍ഡ്ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയുടെ പ്രോജക്ട് ഓഫീസര്‍ എസ് .ഗുരുവായൂരപ്പന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഫോണിലൂടെയും കത്തിലൂടെയും അറിയിച്ചിട്ടുണ്ട്.
നെല്ലിയാമ്പതി റോഡിലെ വേഗ നിയന്ത്രണവും, ആനത്താരകളില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളും മുഖ്യ വന്യജീവി പാലകന്, നെന്മാറ വനം ഡിവിഷണല്‍ ഓഫീസര്‍ എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ട്. പോത്തുണ്ടി വനം ചെക്പോസ്റ്റില്‍ നിന്നും വേഗ നിയന്ത്രണത്തിനുള്ള സന്ദേശം യാത്രക്കാര്‍ക്ക് നല്കുവാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
യാത്രാ വഴിയിലെ കാഴ്ചസ്ഥലങ്ങളില്‍ ഐസ്ക്രീം ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്നവര്‍ മുട്ടയും മുട്ടയുല്പ്പന്നങ്ങളും വഴിയോരങ്ങളില്‍ വില്‍പ്പന ചെയ്യുന്നതും വനപരിസരത്ത് സഞ്ചാരികള്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും കൂടുതല്‍ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ ഇത്തരം കച്ചവടം നിരോധിക്കുന്നതിനും നിര്‍ദ്ദേശിക്കുന്നുണ്ട്.
വന്യ ജീവികള്‍ക്ക് ദോഷകരമല്ലാത്ത ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിന് പരിശോധന വന സംരക്ഷണ സമിതിയെ ഏല്‍പ്പിക്കാമെന്നും എന്ത് വില്‍ക്കണമെന്ന് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശിക്കണമെന്നും വന്യജീവി സൊസൈറ്റി വനം ഉദ്യോഗസ്ഥര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: