ചിത്രകൂടത്തിൽ തുടർന്നാൽ അയോദ്ധ്യക്കാർ തേടിയെത്തുമെന്നതിനാൽ കൂടുതൽ തെക്കോട്ട് നീങ്ങാൻ ശ്രീരാമ സീതാ ലക്ഷ്മണന്മാർ തീരുമാനിക്കുന്നു. ആദ്യം അത്വാശ്രമത്തിലെത്തി. അനസൂയാ ദേവിയെ അത്രി മഹർഷി പുകഴ്‌ത്തുന്നു. സീതയ്‌ക്ക് അനസൂയാ ദേവിയുടെ ഉപദേശം. പതിവ്രതക്ക് ഭർത്താവ് വിദ്യാഹീനനോ ദരിദ്രനോ ആയാലും ഉയർച്ചകാലത്തും മോശം കാലത്തിലുമെല്ലാം പതി തന്നെ ദൈവം.
യശസ്സും സ്വർഗ്ഗവും ധർമവും പാതിവ്രത്യം കൊണ്ടാണ് സ്ത്രീ നേടുന്നത്. ഇതുതന്നെയാണ് തന്നോട് അമ്മയും അമ്മായിയമ്മയും ഉപേശിച്ചതെന്നു സീത പ്രശംസിക്കുന്നു. ശ്രീരാമൻ എല്ലാ അമ്മമാരെയും തുല്യ ആദരവോടെ കാണുന്നുവെന്ന് ഭർത്താവിനെ പുകഴ്‌ത്തുന്നു. എല്ലാ ഗുണങ്ങളും തികഞ്ഞ ആളാണ് തന്റെ ഭർത്താവെന്ന് സീത പറയുന്നു. എല്ലാ ഭാര്യമാരും ഇതു പഠിക്കേണ്ടതാണ്. മുതിർന്ന അമ്മമാർ മക്കളെ പറഞ്ഞു പഠിപ്പിക്കേണ്ടതും ഇത്തരം കാര്യങ്ങളാണ്. അനസൂയ വീണ്ടും രോഹിണി സാവിത്രി എന്നിവരുടെ ഉദാഹരണം പറഞ്ഞുകൊടുക്കുന്നു. നല്ല വസ്ത്രങ്ങളും ആഭരണങ്ങളും സീതയ്‌ക്കു നൽകുന്നു.
കൊടുക്കുമ്പോൾ നല്ലതേ കൊടുക്കാവൂ. സീതയോട് അനസൂയ സ്വയംവരകഥ ചോദിച്ചു മനസ്സിലാക്കുന്നു. വിവാഹത്തിന്റെ സ്ത്രീപക്ഷം വളരെ കുറച്ചു മാത്രമേ നമ്മുടെ നാട്ടിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളൂ.
മണ്ണിൽനിന്ന് പൊടിപുരണ്ടു കിടന്നിരുന്ന തന്നെ ജനകരാജാവ് വളർത്തിയതു മുതൽ വിവാഹം വരെയുള്ള കഥ സീത പറയുന്നു. തന്റെ വിവാഹം നടക്കില്ലെന്നു കരുതിയപ്പോഴാണ് രാമൻ എത്തിയതെന്നും, വിവാഹം നടക്കാത്ത മകളുള്ള അച്ഛൻ നിത്യേന തീതിന്നുന്നവരാണല്ലോ എന്ന് സീത അഭിപ്രായപ്പെട്ടു. അങ്ങനെയുള്ള രക്ഷകർത്താക്കൾക്ക് ഒരു മരക്കഷ്ണം പോലും പിടിക്കാനില്ലാതെ സമുദ്രത്തിൽ നീന്തുന്നപോലെയാണ് അനുഭവപ്പെടുന്നതെന്നും.
അനസൂയ നൽകിയ ആഭരണവസ്ത്രാദികൾ ധരിച്ചെത്തിയ സീതയെ ശ്രീരാമൻ കണ്ട് അത്ഭുതം കൂറി. അത്യാശ്രമത്തിൽ നിന്നും പുറപ്പെട്ട രാമലക്ഷ്മണന്മാരെ വനത്തിൽ എതിരേറ്റത് വിരാധനെന്ന രാക്ഷസനാണ്. അവൻ സീതയെ എടുത്തോടി. വനത്തിൽ വന്നിട്ടും എന്റെ കഷ്ടകാലം തീർന്നില്ലെ? അച്ഛൻ മരിച്ചതിനെക്കാളും സഹിക്കാനാവാത്തത് സീതയെ ഈ ദുഷ്ടൻ തൊട്ടതാണ് എന്നെല്ലാം രാമൻ വിലപിക്കുന്നു. വിരാധനെ ശ്രീരാമൻ വെല്ലുവിളിച്ചു. മുനിവേഷത്തിൽ ആയുധങ്ങളും സ്ത്രീയുമായി നടക്കുന്ന നിങ്ങൾ ആരാണ്? എന്തിന് മുനിമാർക്ക് ചീത്തപ്പേരുണ്ടാക്കുന്നു? എന്ന ചോദ്യമായിരുന്നു വിരാധന്റേത്.
മുനിമാരെ തിന്നുന്നവനായിരുന്നു അവൻ, എന്നിട്ടാണീ ചോദ്യം. സമയം നഷ്ടപ്പെടുത്താതെ രാമലക്ഷ്മണന്മാർ അവന്റെ മേൽ അമ്പുകളെയ്തു. എന്നാൽ വരബലം അവനത് ഏറ്റില്ല. ഉടനെ അവന്റെ കൈയും കാലുമവർ ഒടിച്ചു. താഴെവീണ അവൻ താനൊരു ഗന്ധർവനാണെന്നും വൈശ്രവണ ശാപം മൂലം രാക്ഷസനായതാണെന്നും തന്നെ ജീവനോടെ കുഴിച്ചുമൂടി ശാപമോക്ഷം തരണമെന്നും അഭ്യർത്ഥിച്ചു. ഇതു രാമലക്ഷ്മണന്മാർ സന്തോഷത്തോടെ ചെയ്തു. (അ.രാ., തു.രാ,എന്നിവയിൽ ശസ്ത്രം കൊണ്ടാണവൻ കൊല്ലപ്പെടുന്നത്.)
ശരംഭംഗാശ്രമത്തിലെത്തിയ ശ്രീരാമൻന്റെ ദർശനം നടത്തിയ ഋഷി താൻ രാമദർശനത്തിനുവേണ്ടി മാത്രം ജീവനോടെയിരുന്നതാണെന്നു പറഞ്ഞ് ചിത കൊളുത്തി ആത്മാഹുതി ചെയ്തു. അവിടെകൂടിയ മറ്റു മുനിമാർ ശ്രീരാമനോട് രാക്ഷസന്മാരെപ്പറ്റി പരാതി പറഞ്ഞ് അവൻ കൊന്നുതിന്ന മുനിമാരുടെ അസ്ഥിക്കൂമ്പാരം കാട്ടിക്കൊടുത്തു.
രാക്ഷസന്മാരെ താനില്ലാതാക്കുമെന്ന് ശ്രീരാമൻ പ്രതിജ്ഞ ചെയ്തു. അഗസ്ത്യമഹർഷിയുടെ ശിഷ്യൻ സൂതീഷ്ണ മഹർഷിയുടെ ആശ്രമത്തിൽ എത്തിയ സീതാ രാമലക്ഷ്മണന്മാരെ ആദരപൂർവം മുനി വരവേറ്റു. മറ്റാശ്രമങ്ങൾ കണ്ടശേഷം മടങ്ങിവരണമെന്ന അഭ്യർത്ഥനയോടെ അദ്ദേഹമവരെ അടുത്തദിവസം യാത്രയയച്ചു. ചിലയിടത്ത് ആറുമാസം, ചിലേടത്ത് ഒരു വർഷ തങ്ങി.പത്തുവർഷത്തിനുശേഷം മൂന്നുപേരും സുതീഷണാശ്രമത്തിൽ മടങ്ങിയെത്തി. തന്റെ വനവാസം പവിത്രമായി എന്നു ശ്രീരാമൻ വർണിക്കുന്നു.
സുതീഷണാശ്രമത്തിൽനിന്നും പുറപ്പെട്ടപ്പോൾ സീത, രാമനോട് പുരുഷന്റെ മൂന്നു മുഖ്യ തെറ്റുകളാണ് ഉള്ളതെന്ന് പറഞ്ഞു. ഒരു നുണപറയൽ, രണ്ട്-പരസ്ത്രീഗമനം -ഇതു രണ്ടും അങ്ങ് സ്വപ്നത്തിലോ മനസ്സിൽപോലുമോ ചെയ്യില്ല. മൂന്നാമത്തേത് ദ്രോഹിക്കാത്തവരെ വധിക്കുന്നതാണ്. രാക്ഷസന്മാരെ കൊല്ലാമെന്നേറ്റ് അങ്ങീ പാപം ചെയ്യാനൊരുങ്ങെന്ന് ഞാൻ സംശയിക്കുന്നു എന്നു പറഞ്ഞു. ശ്രീരാമനപ്പോൾ ‘‘നീ പറഞ്ഞത് ഏറ്റവും ഉചിതം തന്നെ.
എന്നാൽ തന്റെ രാജ്യത്തുള്ളവരുടെ ക്ഷേമം കാത്തുസൂക്ഷിക്കുന്നത് രാജാവിന്റെ ധർമവ്യയതിനാലും ക്ഷത്രിയൻ ആയുധം വെടിയാൻ പാടില്ലാത്തതിനാലും ധർമ്മമാണ് പാലിക്കുന്നത്. ഋഷിമാർക്ക് കൊടുത്ത വാക്ക് പാലിക്കയും വേണമല്ലൊ?‘‘ എന്നു സീതയെ ആശ്വസിപ്പിച്ചു. ഒരു തപസ്വിയുടെ ആശ്രമത്തിൽ ഇന്ദ്രൻ ഒരു വാൾ സൂക്ഷിക്കാനേൽപ്പിച്ചു. അദ്ദേഹം ഇതുകൊണ്ടു നടന്ന് പതുക്കെ പതുക്കെ തപസ്സിനു ഭംഗം വന്ന് ഒരു ക്രോധിയും ഹിംസകനുമായ കഥ സീത കേൾപ്പിക്കുന്നു. ഭർത്താവിനെ ഉപദേശിക്കാൻ ഭാര്യക്ക് അർഹതയുണ്ടല്ലോ?
സുതീഷണന്റെ കൂടെ ശ്രീരാമാദികൾ എത്തുന്നത് അഗസ്ത്യാശ്രമത്തിലാണ്. അഗസ്ത്യന്റെ മാഹാത്മ്യം വർണിച്ചുകൊണ്ട് ശ്രീരാമൻ ലക്ഷ്മണനോട് പറയുന്നത് ഇദ്ദേഹം ഇല്വലനെ ചൂട്ടും വാതാപിയെ ദഹിപ്പിച്ചും ഇല്ലാതാക്കി,വിന്ധ്യൻ ഇദ്ദേഹം മൂലം തലകുനിച്ചു നിൽക്കുന്നു, രാക്ഷസന്മാർ ഇദ്ദേഹം മൂലമാണ് തെക്കൻ ദേശങ്ങളിൽനിന്ന് പലായനം ചെയ്തത് എന്നാണ്. ഔപചാരിക കഥകൾ ഇല്ലാതെ തന്നെ ശ്രീരാമനെ വിളിച്ചുകൊണ്ടുവരാൻ പറഞ്ഞ് മഹർഷി ആദ്യം തന്നെ അവരെ സൽക്കരിച്ച് ക്ഷീണം മാറ്റുന്നു.
സീത ഉത്തമനാരിയാണെന്നും സ്ത്രീകൾ സമ്പത്തുകാലത്തേ പുരുഷനെ സ്‌നേഹിക്കാറുള്ളൂവെന്നും ആപത്തുകാലത്തും കൂടെവരാൻ തയ്യാറായ സീത അരുന്ധതിപോലെ പൂജ്യയാണെന്നും മഹർഷി രാമനോട് പറഞ്ഞു. അനന്തരം ശ്രീരാമന് താൻ രാക്ഷസവധത്തിനു ശേഖരിച്ചിട്ടുള്ള ദിവ്യാസ്ത്രങ്ങളും ധനുഷുകളും പ്രദാനം ചെയ്തു. അവ നേടിയ ശ്രീരാമൻ ഇന്ദ്രനെപ്പോലെ ശോഭിച്ചു. ഒരു മുൻ സൈന്യാധിപൻ പുതിയ സേനാദ്ധ്യക്ഷന് കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നപോലെയാണ് അഗസ്ത്യമഹർഷിയുടെ പെരുമാറ്റം.
ഇനി മുതൽ പഞ്ചവടിയിൽ താമസിക്കാനും ബാക്കിയുള്ള രാക്ഷസന്മാരെക്കൊണ്ട് ആർഷധർമ്മം പരിപാലിക്കാനും ശ്രീരാമനെ അഗസ്ത്യമുനി ഉപദേശിച്ചു. സീത പോവുന്ന സ്ഥലമെല്ലാം പവിത്രമാവുമെന്നായിരുന്നു മഹർഷിയുടെ അഭിപ്രായം.
അദ്ധ്യാത്മരാമായണത്തിലും തുളസീ രാമായണത്തിലും അഗസ്ത്യരും സുതിഷണനും ഭഗവദ് സ്തുതി ചൊല്ലിയാണ് ശ്രീരാമനെ വരവേൽക്കുന്നത്. ഭക്തിയുടെ പാരമ്യത്തിലാണ് ഭഗവദ് ദർശനം നേടിയ ഇരുവരും. തു.രാ.ൽ സീതയെ ജയന്തനെന്ന ഇന്ദ്രപുത്രൻ കാക്കയുടെ രൂപത്തിൽ വന്നു കൊത്തുന്നുണ്ട്. അവന്റെ പുറകേ കൂടിയ രാമാസ്ത്രം രാമനെത്തന്നെ ശരണം പ്രാപിച്ചപ്പോഴെ മാറിയുള്ളൂ. കാമാതുരന്മാരെ പാഠംപഠിപ്പിച്ചേവിടാവൂ എന്ന സന്ദേശമാണീക്കഥ തരുന്നത്.
ഇന്നത്തെ സുഭാഷിതം
നഗരസ്ഥോവനസ്ഥോവാ ശുഭോപായദിവാശുഭഃ
-യാസാം സ്ത്രീണാം
പ്രിയേഭർത്തി താസാംലോകാ മഹോദയാഃ
ദുശീലേ കാമവൃത്തോവാ ധനൈർവാപരിവർജിതഃ
സ്ത്രീണാമാര്യ സ്വഭാവാനാം പരമം ദൈവതംപതിഃ
(ഉന്നതിയാഗ്രഹിക്കുന്ന സ്ത്രീകൾ നഗരത്തിലോ ഗ്രാമത്തിലോ വസിക്കുന്നവനായാലും ധനികനോ ദരിദ്രനോ ആയാലും ദുർസ്വഭാവിയോ കാമപരനോ ആയാലും ശുഭാശുഭങ്ങൾ ഉള്ളയാളായാലും ഭർത്താവിനെ ദൈവമായിക്കാണുന്നു. അവരാണ് ശ്രേഷ്ഠസ്വഭാവമുള്ള ആര്യസ്ത്രീകൾ)
















