വാഷിങ്ടണ്‍: നെപ്ട്യൂണിന്റെ ഭ്രമണപഥത്തിന് വളരെ അകലെയായി രണ്ട് ചെറു ലോകങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. സൗരയൂഥത്തിന് പുറത്തുളള വസ്തുക്കളെ കണ്ടെത്താന്‍ നടത്തിയ എക്കാലത്തെയും ഏറ്റവും വലിയ ഗവേഷത്തിലാണ് ഈ കണ്ടെത്തല്‍. കുയ്‌പെര്‍ ബെല്‍റ്റിന് അപ്പുറത്താണ് ഇവയുടെ സ്ഥാനം.
നെപ്ട്യൂണിന് അപ്പുറമുളള ഏറ്റവും തണുത്ത മേഖലയാണിത്. പ്ലൂട്ടോ കൂടി ഉള്‍പ്പെട്ട ചെറു പ്രദേശമാണിത്. പെരിഹീലിയനില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരമുളള മൂന്നാമത്തെയും നാലാമത്തെയും സ്ഥലമാണിത്. സൗരയൂഥത്തിലെ കണ്ടെത്തിയിട്ടുളള വസ്തുക്കളില്‍ ഏറ്റവും അകലെയുളള വസ്തുക്കള്‍ കൂടിയാണിവ.
നെപ്യൂണിലെ ഭ്രമണപഥത്തിന് സമാനമായ ചലനമാണിവയ്‌ക്കും. ഇത് തീരെ അപ്രതീക്ഷിതമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. നെപ്ട്യൂണുമായി നേരത്തെ ഇവയ്‌ക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും ഭാവിയില്‍ അങ്ങനെ ഉണ്ടാകില്ലെന്നും ഇവയുടെ ഭ്രമണ പഥം വ്യക്തമാക്കുന്നു.
ഹവായിലെ സുബരൂ ടെലിസ്‌കോപ്പിലൂടെയും ചിലിയിലെ സെറോ ടോളോളോ ഇന്റര്‍ അമേരിക്കന്‍ ഒബ്‌സര്‍വേറ്ററി ടെലിസ്‌കോപ്പിലൂടെയും നടത്തിയ നിരീക്ഷണങ്ങളിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിട്ടുളളത്. കാര്‍ണേജി ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ സയന്‍സിലെ സ്‌കോട്ട് എസ് ഷെപ്പാര്‍ഡും സഹപ്രവര്‍ത്തകരും ഹവായി സര്‍വകലാശാലയിലെ ഡേവിഡ് ജെ. തോലനുമാണ് എക്കാലത്തെയും ഏറ്റവും വലിയ ഈ നിരീക്ഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സുബറുടെലിസ്‌കോപ്പില്‍ ഘടിപ്പിച്ച സുപ്രീം കാം ഇമേജര്‍ വഴി സംഘം നിരീക്ഷണം തുടങ്ങിയിരുന്നു. നെപ്ട്യൂണിന് അപ്പുറമുളള വസ്തുക്കളെ കണ്ടെത്തുകയായിരുന്നു സംഘത്തിന്റെ ഉദ്ദേശ്യം. ആകാശത്തില്‍ ബഹുദൂരം നിരീക്ഷണം നടത്താനും ഇവര്‍ക്ക് കഴിഞ്ഞു. സൂര്യനില്‍ നിന്ന് നൂറ് കണക്കിന് അസ്‌ട്രോണമിക്കല്‍ യൂണിറ്റ് അകലെയായി ഒരു സൂപ്പര്‍ എര്‍ത്ത് വലം വയ്‌ക്കുന്നുണ്ടെന്ന് 2014ല്‍ ഈസംഘം പ്രവചിച്ചിരുന്നു. ഇതിന്റെ അതീവ ഗുരുത്വാകാര്‍ഷണം നെപ്ട്യൂണിന്റെ വസ്തുക്കളെ തങ്ങളുടെ ഭ്രമണപഥത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതായും സംഘം കണ്ടെത്തി.
പുതുതായി കണ്ടെത്തിയ ലോകങ്ങള്‍ സൂര്യനില്‍ നിന്ന് അമ്പത് അസ്‌ട്രോണമിക്കല്‍ യൂണിറ്റ് അകലെയാണ്. നെപ്ട്യൂണ്‍ സൂര്യനെ നാല് പ്രവശ്യം വലം വയ്‌ക്കുമ്പോഴാണ് ഇവയിലൊന്ന് സൂര്യനെ ഒരു വട്ടം വലം വയ്‌ക്കുന്നതെന്നും സംഘം പറയുന്നു. മറ്റേത് സൂര്യന്‍ മൂന്ന് ഭ്രമണം പൂര്‍ത്തിയാക്കുമ്പോള്‍ ഒരുപ്രാവശ്യം ഭ്രമണം ചെയ്യുന്നതായും കണ്ടെത്തി. അസ്‌ട്രോ ഫിസിക്കല്‍ ജേര്‍ണല്‍ റിസര്‍ച്ചില്‍ പഠനത്തിന്റെ പൂര്‍ണ രൂപമുണ്ട്.















