മട്ടന്നൂര്‍: പഴശ്ശി പടിഞ്ഞാറെ കോവിലകം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതൃത്തില്‍ യോഗം വിളിച്ചത് വിവാദത്തില്‍. കഴിഞ്ഞ ദിവസമാണ് പഴശ്ശി കോവിലകം സംബന്ധിച്ച് യോഗം നടന്നത്. നഗരസഭാ ചെയര്‍മാന്‍ നേരിട്ട് യോഗം വിളിച്ചു ചേര്‍ക്കാതെ സിപിഎം നേതാക്കളെ കൊണ്ട് നാട്ടുകാരുടെ യോഗമെന്ന വ്യാജേന യോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു. ഏതാനും നഗരസഭാംഗങ്ങളെ കൂടാതെ സിപിഎം എല്‍ഡിഎഫ് നേതാക്കള്‍ മാത്രമാണ് ഈ യോഗത്തില്‍ ഉണ്ടായിരുന്നത്. സിപിഎം ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവും ലോക്കല്‍ സെക്രട്ടറിയുമാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗത്തില്‍ പങ്കെടുത്ത ചിലരെ നഗരസഭാ ചെയര്‍മാന്‍ തന്നെയാണ് യോഗവിവരം അറിയിച്ചത്. എന്നാല്‍ ബിജെപി അടക്കമുള്ള മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളെ യോഗത്തില്‍ വിളിച്ചില്ല. അഞ്ച് വര്‍ഷം മുമ്പ് എല്‍ഡിഎഫ് ഭരിക്കുന്ന മട്ടന്നൂര്‍ നഗരസഭയിലും സംസ്ഥാന സര്‍ക്കാരും കൂടി ഏറെ കൊട്ടിഘോഷിച്ച് പഴശ്ശി പടിഞ്ഞാറേ കോവിലകം ഏറ്റെടുക്കുന്ന ചടങ്ങ് സംഘടിപ്പിക്കുകയും അതിന്‌ശേഷം കോവിലകത്ത് തുടര്‍ പ്രവര്‍ത്തികള്‍ ഒന്നും ചെയ്യാത്തതാണ് ഇന്ന് കോവിലകം പൊളിച്ചുവില്‍ക്കാന്‍ ഇടയാക്കിയതെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം സി.വി.വിജയന്‍ മാസ്റ്റര്‍ പറഞ്ഞു. പഴശ്ശിരാജയെ തന്നെ ചരിത്രത്തിന്റെ ഏടുകളില്‍ നിന്ന് എടുത്തുമാറ്റാനുള്ളഭരണകക്ഷിയുടെ നടപടി രാജ്യ സ്‌നേഹികളോട് ചെയ്യുന്ന എറ്റവും വലിയ അപരാധമാണ്. കോവിലകം കേന്ദ്ര പുരാവസ്തു വകുപ്പിനെകൊണ്ട് ഏറ്റെടുപ്പിക്കാന്‍ ബിജെപി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















