ഉപരോധസമരത്തെ ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് അഭിസംബോധന ചെയ്യുന്നു
തൃശൂര്‍: അധികൃതരുടെ അനാസ്ഥമൂലം നടുറോഡില്‍ യുവാവിന്റെ ജീവന് പൊലിയാന്‍ ഇടയായ സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ തൃശൂര്‍ -കുന്നംകുളം സംസ്ഥാന പാത ഉപരോധിച്ചു. പ്രസാദിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന സ്ഥലത്തായിരുന്നു ഉപരോധം. വലിയ ഗതാഗതത്തിരക്കുള്ള സംസ്ഥാനപാതയില്‍ കേരളവര്‍മ്മ കോളേജ് ജംഗ്ഷന് മുതല്‍ ശങ്കരംകുളങ്ങര ക്ഷേത്രംവഴി വരെയുള്ള ഭാഗം തകര്‍ന്ന് തരിപ്പണമായ അവസ്ഥയിലാണ്. നിരവധി പേര് അപകടത്തില്‍ പെട്ടിട്ടും, ജീവനുകള്‍ പൊലിഞ്ഞിട്ടും ഈ റോഡ് നന്നാക്കാന്‍ അധികൃതര്‍ നടപടി കൈക്കൊള്ളാത്തതില്‍ വന്‍പ്രതിഷേധം ഉയരുന്നുണ്ട്. സര്‍ക്കാരിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും നിഷ്ക്രിയത്വം മൂലം മരിച്ച പ്രസാദിന്റെ കുടുംബത്തിന് 25ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, റോഡില്‍ ഇനി അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എത്രയും വേഗം അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധസമരം. രാവിലെ പത്തുമണിയോടെ ഉപരോധസമരം ആരംഭിച്ചു. തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.
ഉന്നത പോലീസ് അധികാരികളും എഡിഎമ്മും സ്ഥലത്തെത്തിയെങ്കിലും സമരക്കാര്‍ പിന്മാറാന് തയ്യാറായില്ല. തങ്ങള്‍ ഉന്നയിച്ച ആവശ്യത്തില്‍ രേഖാമൂലമുള്ള ഉറപ്പ് ഭരണാധികാരികളില്‍ നിന്ന് ലഭിക്കാതെ ഉപരോധസമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാര്‍. തുടര്‍ന്ന് എഡിഎം സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വി.എസ്.സുനില്‍കുമാറിനെ ബന്ധപ്പെട്ടു. മന്ത്രി നേരിട്ട് ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷുമായി ഫോണില്‍ സംസാരിച്ചു. പ്രസാദിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാന്‍ വിഷയം മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കാമെന്ന് സുനില്‍കുമാര്‍ ഉറപ്പുനല്‍കി. ഒരാഴ്ചക്കുള്ളില്‍ റോഡ് നന്നാക്കാമെന്ന ഉറപ്പും മന്ത്രി നല്‍കിയതിനെത്തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്.സംപൂര്‍ണ, ജില്ലാഭാരവാഹികളായ രവികുമാര്‍ ഉപ്പത്ത്, സുരേന്ദ്രന് ഐനിക്കുന്നത്ത്, ഷാജന് ദേവസ്വം പറമ്പില്‍, ഉല്ലാസ് ബാബു, രഘുനാഥ് സി.മേനോന്, അഡ്വ. കെ.ആര്.ഹരി,വടക്കാഞ്ചേരി മണ്ഡലം പ്രസിഡണ്ട് കെ.ഗിരീഷ്കുമാര്‍, ആര്‍എസ്എസ് മഹാനഗര്‍ കാര്യവാഹ് ഉണ്ണികൃഷ്ണന്, സഹകാര്യവാഹ് കലേഷ്, വിഭാഗ് കാര്യകാരി അംഗം പി.അരവിന്ദാക്ഷന് നേതാക്കളായ മനീഷ്, അനില്‍, ഹരിഗോവിന്ദന്, പരമേശ്വരന് കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ വി.രാവുണ്ണി, പൂര്‍ണിമ സുരേഷ്, കെ.മഹേഷ്, വിന്‍ഷി അരുണ്‍കുമാര്‍, ബിഎംഎസ് ജില്ലാപ്രസിഡണ്ട് എ.സി.കൃഷ്ണന്, ഹിന്ദുഐക്യവേദി ജില്ലാസെക്രട്ടറി കെ.കേശവദാസ് തുടങ്ങിയവര്‍ ഉപരോധസമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: