വെള്ളിയാമറ്റം: വനവാസി മേഖലയായ കോഴിപ്പള്ളി നിവാസികള്‍ക്ക് ഇനി സുഗമമായി പുറംലോകവുമായി ബന്ധപ്പെടാം. ബിജെപി വെള്ളിയാമറ്റം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലാണ് റോഡ് ഗതാഗതം പുന:സ്ഥാപിച്ചത്. എട്ട് വര്‍ഷം മുമ്പ് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് വെള്ളിയാമറ്റം പഞ്ചായത്തിലെ 9-ാം വാര്‍ഡില്‍പ്പെടുന്ന വനവാസി മേഖലയിലേക്കുളള വഴി അടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഇങ്ങോട് വാഹനങ്ങളും എത്താതായി. ജനപ്രതിനിധികളെ സമീപിച്ച് നിരവധി തവണ റോഡ് ഗതാഗതം പുന:സ്ഥാപിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടെങ്കിലും ഇലക്ഷന്‍ സമയത്ത് ഇവിടെയെത്തി മോഹന വാഗ്ദാനങ്ങള്‍ നല്‍കി മടങ്ങുകയാണ് ഇവര്‍ ചെയ്തത്. ഇതേ തുടര്‍ന്നാണ് ബിജെപി സംഭവത്തില്‍ ഇടപെടുന്നത്. പ്രദേശവാസികളുടെ സഹകരണത്തോടെ ജെസിബി ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്തത്. തൊടുപുഴയെയും ജില്ലാ സ്ഥാനത്തേയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ഈ പഴയകാല റോഡിലൂടെയാണ് ഇടുക്കി പദ്ധതിക്ക് വേണ്ട സാധന സാമഗ്രഹികള്‍ കൊണ്ടുപോയിരുന്നത്. പതിനാറ് വര്‍ഷം മുമ്പ് എട്ട് കോടി രൂപ മുടക്കി പുനര്‍നിര്‍മ്മാണം തുടങ്ങിയെങ്കിലും അശാസ്ത്രീയമായ നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡിന്റെ നാനൂറ് മീറ്ററോളം ഭാഗം 2008ല്‍ ഒലിച്ച് പോകുകയായിരുന്നു. മണ്ണിടിഞ്ഞ് വഴി സഞ്ചാരയോഗ്യമല്ലാതായിട്ടും പഞ്ചായത്ത് അധികൃതരോ വാര്‍ഡ് മെമ്പറോ സ്ഥലം സന്ദര്‍ശിച്ചിട്ടില്ല. ഇനിയെങ്കിലും പാവപ്പെട്ട വനവാസികളെ റോഡിന്റെ പേരില്‍ കബളിപ്പിക്കുന്ന നിലപാട് ഇലത് വലത് പാര്‍ട്ടികള്‍ നിര്‍ത്തണമെന്ന് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് പൂമാല ആവശ്യപ്പെട്ടു. വെള്ളിയാമറ്റത്തെ ബിജെപി പഞ്ചായത്തംഗം പ്രമോദ് എസ് പാടത്തില്‍, ബിജെപി പ്രവര്‍ത്തകരായ അജിത്ത് കുമാര്‍ മാങ്ങാനത്ത്, അഖില്‍ അശോകന്‍, മനോജ് പാച്ചേരിയില്‍, വിനീത് മോഹന്‍, പ്രദേശവാസി ചന്ദ്രഹാസന്‍ തുടങ്ങിയവര്‍ മണ്ണ് നീക്കുന്നതിന് സഹായിച്ചു. ബിജെപിയുടെ ജില്ലാ- മണ്ഡലം ഭാരവാഹികളും സ്ഥലം സന്ദര്‍ശിച്ചിരുന്നു. ജില്ലാ പ്രസിഡന്റ് ബിനു ജോ കൈമള്‍, സംസ്ഥാന കമ്മറ്റിയംഗം പി എ വേലുക്കുട്ടന്‍, ജന. സെക്രട്ടറി കെ എസ് അജി, സെക്രട്ടറി പി ആര്‍ വിനോദ് എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്. സംഭവം കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കി. പ്രദേശത്തെ വനവാസികളുടെ ഒപ്പ് ശേഖരിച്ച് റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ് പ്രദേശത്തെ ബിജെപി ഘടകം.
















