ഇരിട്ടി : തന്റെ മകന്റെ വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചതായി പായം കല്ലിപ്പറബിലെ 70 വയസ്സുകാരി വെള്ളുവ ഹൗസില്‍ പാര്‍വതഅമ്മ ഇരിട്ടി പോലീസില്‍ പരാതി നല്‍കി. ഈ പ്രശ്‌നവുമായി ബന്ധപ്പെട്ടു വഴി കെട്ടിയടച്ചവര്‍ക്കെതിരെ പോലീസില്‍ പരാതി നകിയിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും ഉണ്ടാവുന്നില്ലെന്നും പാര്‍വതി അമ്മ പറഞ്ഞു.
ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തോട് ചേര്‍ന്നാണ് പാര്‍വതി അമ്മയുടെ ഇളയമകന്‍ ഹരീന്ദ്രന്‍ പുതുതായി വീട് നിര്‍മ്മിക്കുന്ന സ്ഥലം. ഈ സ്ഥലത്തേക്ക് ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലത്തുകൂടെ റോഡുണ്ട്. എന്നാല്‍ ഈ റോഡിന്റെയും ഹരീന്ദ്രന്റെ വീടിന്റെയും ഇടയിലായി പരാതിയില്‍ പറയുന്ന ഷാജി എന്ന ആള്‍ക്ക് സ്ഥലമുണ്ടെന്നു പറഞ്ഞാണ് ഇയാള്‍ അന്‍പതോളം പേരുമായി വന്നു ഹരീന്ദ്രന്റെ വീട്ടിലേക്കു പോകുന്ന സ്ഥലം മുള്ളുകമ്പിയും മറ്റും കൊണ്ട് കെട്ടിയടച്ചത്. ഇതുമായി ബന്ധപ്പെട്ടു തന്റെ സ്ഥലമാണെന്ന് അവകാശപ്പെട്ടു ഷാജി കൂത്തുപറമ്പ് മുന്‌സീഫ് കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. തല്‍സ്ഥിതി തുടരണമെന്ന് കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഈ ഉത്തരവിനെ കാറ്റില്‍പ്പറത്തിയാണ് വഴി മുഴുവന്‍ കെട്ടി അടച്ചിരിക്കുന്നത്.
അതേസമയം ഇത് കെട്ടിയടക്കുന്നതിനെ ചോദ്യം ചെയ്ത പാര്‍വതിഅമ്മയുടെ മുഖത്തു ഷാജി അടിച്ചതായും മക്കളുടെ ഭാര്യമാരെ കത്തിയും കൊടുവാളും ഉയര്‍ത്തി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പാര്‍വതി അമ്മ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. മേല്‍ കാര്യത്തില്‍ പരാതി നല്‍കിയാല്‍ പരാതിക്കാരിയുടെ ആണ്‍മക്കളെ ബാക്കിവെക്കില്ല എന്ന് ഭീഷണി മുഴക്കിയതായും ഇരിട്ടി പോലീസിനു നല്‍കിയ പരാതിയില്‍ പാര്‍വതി അമ്മ പറയുന്നു. എന്നാല്‍ പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും പോലീസ് യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല എന്നാണു പാര്‍വതി അമ്മയുടെ പരാതി.
















