മൂവാറ്റുപുഴ: കോളേജിലെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനിയെ കൈയിലെ മുറിവിലൂടെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തി. വാഴക്കുളത്തെ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെയാണ് അവശനിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥിക്ക് മാനസിക സംഘര്‍ഷമുണ്ടാക്കുന്ന വിധത്തില്‍ അദ്ധ്യാപകന്റെ നേതൃത്വത്തില്‍ നടപടികളുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
ഇന്നലെ രാവിലെ കല്ലൂര്‍ക്കാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന്‍ ഓഫീസ് മുറിയിലേയ്‌ക്ക് വിളിപ്പിച്ചിരുന്നു. പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിനി ക്ലാസ്സില്‍ ഹാജരായിരുന്നില്ല. വൈകിട്ട് ശുചിമുറി വൃത്തിയാക്കാനെത്തിയ കോളേജ് ജീവനക്കാരിയാണ് ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനിയെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അവശനിലയിലായതിനാല്‍ കോലേഞ്ചേരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോളേജിലെത്തി പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥിനിയെ ആത്മഹ്യത്തയ്‌ക്ക് പ്രേരിപ്പിച്ച അദ്ധ്യാപകനെ പുറത്താക്കണമെന്നും സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ഇന്നുമുതല്‍ പഠിപ്പ്മുടക്കി സമരത്തിന് തയ്യാറെടുക്കുകയാണ്.
















