ഇസ്ലാമാബാദ്: വിവാദ പാകിസ്ഥാനി മോഡലും ടിവി അവതാരകയുമായ ഖാന്തീന്‍ ബലൂചിനെ കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ ബലൂചിന്റെ സഹോദരന്‍ വസീമിന് മാപ്പു കൊടുക്കുന്നതില്‍ നിന്ന് കുടുംബത്തെ പാകിസ്ഥാന്‍ വിലക്കി. ശനിയാഴ്ച രാത്രിയാണ് മുള്‍ട്ടാനിലെ വസതിയില്‍ വച്ച് ബലൂചിനെ വസീം കൊന്നത്. മോഡലിംഗ് ഉപേക്ഷിക്കാന്‍ ബലൂച് തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് മാനം കാക്കാനുള്ള കൊലയായിരുന്നു ഇത്.
പാകിസ്ഥാനില്‍ ഇതുപോലുള്ള മാനം കാക്കല്‍ കൊലകള്‍ സര്‍വസാധാരണമാണ്. ആ കേസുകളിലെ പ്രതികളെല്ലാം തന്നെ കുടുംബം മാപ്പു കൊടുക്കുന്നതിലൂടെയോ നിയമത്തിന്റെ പഴുതകളുടെ സഹായത്തോടെയോ രക്ഷപ്പെടാറുമുണ്ട്. ബലൂതിന്റെ കേസിലും സമാന സാഹചര്യം ഉണ്ടാവുമെന്ന് മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍, വസീമിന് മാപ്പ് കൊടുക്കുന്നത് വിലക്കിയത്.
കുറ്റം സമ്മതിച്ച വസീം, പല പ്രാവശ്യം താക്കീത് നല്‍കിയെങ്കിലും കുടുംബത്തിനും സമുദായത്തിനും ഖാന്തീന്‍ വരുത്തുന്ന അപമാനം സഹിക്കാന്‍ കഴിയാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് പൊലീസിനോട് പറഞ്ഞിരുന്നു.
പ്രതിവര്‍ഷം 500 പേരാണ് പാകിസ്ഥാനില്‍ മാനം കാക്കല്‍ കൊലകള്‍ക്ക് ഇരയാവുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്. കുടുംബത്തിന് മാനക്കേട് ഉണ്ടാക്കി വച്ചു എന്ന കാരണം കൊണ്ടായിരിക്കും ഇവരൊക്കെ കൊല ചെയ്യപ്പെടുന്നത്.















