നാദാപുരം: കുററ്യാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ നരിപ്പറ്റ കമ്മായി മലയില്‍ നിന്നും വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. ആയിരത്തോളം ഡിറ്റണേറ്ററുകള്‍, ഫ്യൂസ് വയര്‍ എന്നിവയടങ്ങുന്ന വന്‍ സ്‌ഫോടക വസ്തു ശേഖരമാണ് പോലീസും ബോംബ് സ്‌ക്വാഡും സംയുക്തമായി കമ്മായി മലയിലെ ക്വാറി പരിസരത്ത് നടത്തിയ തിരച്ചലില്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം വിലങ്ങാട് ഉടുമ്പിറങ്ങി മലയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ വളയം പോലീസ് കണ്ടെടുത്തിരുന്നു. ഉടുമ്പിറങ്ങി മലയിലെ കരിങ്കല്‍ ക്വാറി പരിസരത്ത് നിന്നും 188 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 164 ഡിറ്റണേറ്ററുകള്‍ എന്നിവയാണ് അന്ന് പോലീസ് പിടികൂടിയത്. വളയം പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള സ്‌ഫോടക വസ്തുക്കള്‍ എസ്.ബി.സി.ഐ.ഡി. ഇന്‍സ്‌പെക്ടര്‍ മഹേഷ്ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം വിശദമായി പരിശോധിച്ചു.
ഈ സ്‌ഫോടക വസ്തുക്കള്‍ പ്രഹര ശേഷി കൂടിയവയാണെന്നാണ് അധികൃതരുടെ നിഗമനം. വളയം പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കിയിട്ടില്ല. ഇന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതിനു ശേഷം മാത്രമേ നിര്‍വീര്യമാക്കുകയുള്ളു എന്നു പോലീസ് അറിയിച്ചു.
















