കാസര്‍കോട്: കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച കാസര്‍കോട് ആധുനിക മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തിനകത്ത് നിന്ന് മത്സ്യം വില്ക്കാന് കഴിയുന്നില്ലെന്ന് തൊഴിലാളികള്‍. വില്‍പ്പന വീണ്ടും റോഡരികിലായി. ഇതോടെ ആധുനിക മത്സ്യമാര്‍ക്കറ്റ് കെട്ടിടം നോക്കുകുത്തിയായി മാറുകയാണ്. നഗരസഭ സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ ധനസഹായത്തോടെ 2.20 കോടി രൂപ ചെലവിട്ട് ആധുനിക രീതിയില്‍ നിര്‍മ്മിച്ച മാര്‍ക്കറ്റാണ് മത്സ്യതൊഴിലാളികള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ച് വില്‍പ്പന വീണ്ടും റോഡരികിലേക്ക് മാറ്റിയിരിക്കുന്നത്.
അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ മത്സ്യ വില്‍പ്പന നടത്താനാകില്ലെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. കെട്ടിടത്തിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ ബിജെപിയും ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘവും മറ്റും നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടി കാട്ടി അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. മുസ്ലിം ലീഗ് ഭരിക്കുന്ന കാസര്‍കോട് നഗരസഭ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കവേ തിരക്കിട്ട് എതിര്‍പ്പുകള്‍ അവഗണിച്ച് വിപണനത്തിന് തുറന്ന് കൊടുക്കുകയായിരുന്നു. കേന്ദ്രത്തില്‍ വില്‍പ്പനയ്ക്കായി നിരവധി തട്ടുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ അവിടെ നിന്ന് സ്ത്രീ തൊഴിലാളികള്‍ക്ക് കട്ടവടം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ പലതട്ടുകളും ഒഴിഞ്ഞ് കിടക്കുകയാണ്. മലിനജലം ഒഴുകി പോകാതെ തളം കെട്ടി നില്‍ക്കുന്നത് കാരണം വില്പന നടത്താന്‍ ബുദ്ധിമുട്ടുകയാണെന്ന് തൊഴിലാളികളും മത്സ്യം വാങ്ങാനെത്തുന്നവരും പരാതിപ്പെടുന്നു. മലിനജലം ചവിട്ടി വേണം മത്സ്യം വാങ്ങാന്‍. ശബ്ദ ക്രമീകരണത്തിന് സൗകര്യമില്ലാത്തതിനാല്‍ പരസ്പരം സംസാരിക്കുന്നത് പോലും മനസ്സിലാവുന്നില്ല. കെട്ടിടത്തിന് ഉയരം കുറവായതിനാല്‍ ചൂട് കാലത്ത് അസഹ്യമായ ചൂടും വായുസഞ്ചാരവും കുറവാണ്. എക്സോസ്റ്റ് ഫാന്‍ സൗകര്യവും സ്ഥാപിച്ചിട്ടില്ല.
ഡ്രൈനേജ് സംവിധാനം ഇല്ലാത്തതിനാല്‍ മലിനജലം കെട്ടിടത്തിന് സമീപത്തും മറ്റുമായി തളം കെട്ടി ദുര്‍ഗ്ഗന്ധം വമിക്കുകയാണ്. വിപണന കേന്ദ്രത്തിന് പുറത്ത് മാലിന്യം തള്ളുന്നതിനാല്‍ രോഗ ഭീതിയിലാണെന്നും മത്സ്യതൊഴിലാളികള്‍ പറയുന്നു. ഇവിടെ മത്സ്യം വാങ്ങാനെത്തുന്നവര്‍ വീണ്ടും വീട്ടിലെത്തി ശുദ്ധി വരുത്തേണ്ട ഗതികേടിലാണ്. വില്‍പ്പന റോഡരികിലായതോടെ മത്സ്യവുമായെത്തുന്ന വാഹനങ്ങള്‍ക്കും മത്സ്യം വാങ്ങാനെത്തുന്നവര്‍ക്കും ദുരിതമിരട്ടിക്കുകയാണ്. മത്സ്യ കച്ചവടം നടത്തുന്ന സ്ത്രീകള്‍ക്ക് ആവശ്യത്തിന് ശൗചാലയങ്ങളോ മറ്റ് സൗകര്യങ്ങളോ കെട്ടിടത്തില്‍ ഇല്ല. പരമ്പരാഗതമായി മത്സ്യം കച്ചവടത്തിലേര്‍പ്പെട്ടിരിക്കുന്ന പല സ്ത്രീ തൊഴിലാളികള്‍ക്ക് കെട്ടിടത്തിനകത്ത് സ്ഥലം അനുവദിച്ചിട്ടില്ല. മഴക്കാലമായതോടെ കച്ചവടം പുറത്ത് നടത്തുന്നത് ജനങ്ങള്‍ക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: