ധാക്ക: ധാക്കയില്‍ ഭീകരാക്രമണം നടത്തിയ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കിയ പ്രഫസറെയും മറ്റുരണ്ടു പേരെയും ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് സൗത്ത് സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ ഗിയാസ് ഉദ്ദീന്‍ അഷനാണ് അറസ്റ്റിലായത്. ഭീകരര്‍ക്ക് വാടകയ്‌ക്ക് ഫ്‌ളാറ്റ് നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് ധാക്കാ ഡപ്യൂട്ടി കമ്മീഷണര്‍ മസ്ദുര്‍ റഹ്മാന്‍ പറഞ്ഞു.
അഷന്റെ അനന്തിരവനായ അലം ചൗധരി, ഫ്‌ളാറ്റിന്റെ മാനേജര്‍ മൊഹബുബുര്‍ റഹ്മാന്‍ ചുഹിന്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് ഭീകരരും അഷന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിലാണ് താമസിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീകരാക്രമണത്തിനു ശേഷം ഭീകരരുടെ സഹായികളായിരുന്നവര്‍ ഫ്‌ളാറ്റില്‍നിന്നും അപ്രത്യക്ഷരായിരുന്നു. ഫ്‌ളാറ്റില്‍നിന്നും നിരവധി കാര്‍ബോര്‍ഡ് പെട്ടികള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഗ്രനേഡുകള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നവയാണെന്നാണ് പോലീസ് സംശയിക്കുന്നത്.
കഴിഞ്ഞമാസം ഒന്നിന് ധാക്കയിലെ നയതന്ത്രമേഖലയ്‌ക്കു സമീപം റസ്റ്ററന്റില്‍ നടത്തിയ ആക്രമണത്തില്‍ 22 പേരാണു കൊല്ലപ്പെട്ടത്. പിറ്റേന്നു പുലര്‍ച്ചെ വരെ നീണ്ട കമാന്‍ഡോ ഓപ്പറേഷനിലാണ് ആറ് ഭീകരെരേയും വധിച്ചത്. ആറ് ദിവസത്തിനുശേഷം വടക്കന്‍ ഷോലാകിയയില്‍ ഈദ് നമസ്‌കാരത്തിനിടെ നടന്ന ആക്രമണത്തില്‍ രണ്ട് പോലീസുകാരും കൊല്ലപ്പെട്ടിരുന്നു.















