കണ്ണൂര്‍: സിപിഎം പ്രദേശിക നേതൃത്വം ഊരുവിലക്കേര്‍പ്പെടുത്തിയ കല്ല്യാശ്ശേരിയിലെ ഡോ.നീതയെ കാണാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെത്തി. നീതയുടെ അമ്മ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതാണ് സിപിഎം നേതൃത്വത്തെ പ്രകോപിപ്പിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് ഡോ.നീതയുടെ അമ്മ മത്സരിച്ചതെങ്കിലും സിപിഎമ്മുകാര്‍ നിരന്തരമായി വേട്ടയാടിയതോടെ നേതൃത്വം അവരെ കയ്യൊഴിയുകയായിരുന്നു. തങ്ങളുടെ പ്രശ്‌നങ്ങളുമായി സമീപിച്ചപ്പോള്‍ സിപിഎമ്മുമായി ഒത്തുതീര്‍പിലെത്താനാണ് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ പറഞ്ഞതെന്ന് ഇവര്‍ കുമ്മനത്തോട് പറഞ്ഞു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നീതയുടെ കുടംബത്തിനെതിരെ പ്രദേശത്ത് പൊതുയോഗം സംഘടിപ്പിച്ചിരുന്നു. തങ്ങള്‍ക്കെതിരായി സിപിഎം നടത്തിയ പരസ്യ വിമര്‍ശനത്തിന് വിശദീകരണം നല്‍കാന്‍ പൊതുയോഗം സംഘടിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും അതും അംഗീകരിച്ചില്ല. കുടുംബ യോഗം വിളിച്ച് ചേര്‍ത്ത് ഡോ.നീതയുടെ ക്ലിനിക്കില്‍ ചികിത്സക്ക് പോകരുതെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഡോ.നീതയുടെ കുടുംബത്തിന് നേരെ നടക്കുന്ന അതിക്രമം മനുഷ്യാവകാശ ലംഘനമാണെന്ന് കുമ്മനം പറഞ്ഞു. കേരളത്തില്‍ നടക്കുന്ന പരിതാപകരമായ ക്രമസമാധാന തകര്‍ച്ചയാണ് ഇത് വ്യക്തമാക്കുന്നത്. എല്ലാവര്‍ക്കും പൗരസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ചികിത്സ നിഷേധിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. ഇത്തരം നിലപാടുകളെ ബിജെപി ഗൗരവത്തോടെയാണ് കാണുന്നതെന്നും കുമ്മനം പറഞ്ഞു.
















