ബിജെപി ഇന്നലെ ഇറിഗേഷന്‍ ഓഫീസ് ഉപരോധിക്കുന്നു
സര്‍ക്കാരിന്റെ കോടികള്‍ വെള്ളത്തിലായി, ബിജെപി ധര്‍ണ നടത്തി
തോട്ടപ്പള്ളി: കോടികള്‍ മുടക്കി സ്ഥാപിച്ച തോട്ടപ്പള്ളി സ്പില്‍വേയിലെ ഷട്ടര്‍ നോക്കുകുത്തിയായി. പ്രതിഷേധ സൂചകമായി ബിജെപി ഇന്നലെ ഇറിഗേഷന്‍ ഓഫീസ് ഉപരോധിച്ചു. മാസങ്ങള്‍ക്കു മുമ്പാണ് തോട്ടപ്പള്ളി സ്പില്‍വേയില്‍ 42ഓളം സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഷട്ടറുകള്‍ എം.എസ്. സ്വാമിനാഥന്‍ കമ്മീഷന്റെ പദ്ധതിപ്രകാരം സ്ഥാപിച്ചത്. ഷട്ടറുകള്‍ സ്ഥാപിച്ചെങ്കിലും ഇത് ഉയര്‍ത്താനോ താഴ്‌ത്താനോ സാധിക്കാത്ത അവസ്ഥയിലാണ്. തുടര്‍ന്ന് 17 ലക്ഷത്തോളം മുടക്കി മുറിച്ച തോട്ടപ്പള്ളി പൊഴി അടയുകയും കിഴക്കന്‍ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാകുകയുമായിരുന്നു.
ഇതേത്തുടര്‍ന്നാണ് ബിജെപി പുറക്കാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇറിഗേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ഇതിനുശേഷം ഇറിഗേഷന്‍ എഇയുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തി. ഷട്ടര്‍ സ്ഥാപിച്ചതില്‍ അപാകതയുണ്ടെന്നും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഷട്ടറായതിനാല്‍ ഇതിനു ഭാരം കൂടുതലാണെന്നും ഇത് ഉയര്‍ത്താനുള്ള ഗുണനിലവാരം നിലവിലെ റോപ്പിനില്ലെന്നും എഇ നേതാക്കളോട് പറഞ്ഞു.
ഇത് ഉടനെ പരിഹരിക്കുമെന്നും നേതാക്കള്‍ക്ക് ഉറപ്പു കൊടത്തു. മാര്‍ച്ച് ബിജെപി പുറക്കാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അജു പാര്‍ത്ഥസാരഥി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി. ലിജു, പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ജി. രാജീവ്, യുവമോര്‍ച്ച മണ്ഡലം കമ്മറ്റിയംഗം സി. സുരേഷ്, ഗ്രാമപഞ്ചായത്തംഗം ആരോമല്‍, ശിവരാമന്‍, ബിഎംഎസ് പഞ്ചായത്ത് സെക്രട്ടറി ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















