പോഷകാഹാരക്കുറവാണ് ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. പോഷകസമൃദ്ധമായ ഭക്ഷണം നൽകുക എന്നതുമാത്രമാണ് ഇത്തരം അപര്യാപ്തതയെ തരണം ചെയ്യാനുള്ള പ്രധാനമാർഗ്ഗങ്ങളിലൊന്ന്. ഈ നേട്ടത്തിലെത്തിച്ചേരണമെങ്കിൽ വിശാലമായ സമീപനം ആവശ്യമാണ്. കൃഷിയുമായി ബന്ധപ്പെടുത്തിമാത്രമേ ഈ നേട്ടം കൈവരിക്കാനും സാധിക്കുകയുള്ളു. പോഷകമൂല്യമുള്ള ഭക്ഷ്യവസ്തുക്കളിലൂടെ ആരോഗ്യവും ഉത്പാദനക്ഷമതയും കൈവരിക്കുകയെന്നതാണ് ലക്ഷ്യം. ലോകജനസംഖ്യയ്‌ക്ക് ആവശ്യമുള്ളത്ര ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കാൻ ഇന്ന് സാധിക്കുന്നില്ല. പച്ചക്കറി, പഴവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവയിൽ നിന്നാണ് ആവശ്യമായ പോഷകം ലഭിക്കുന്നത്.
പരിസ്ഥിതിക്ക് ഇണങ്ങുന്ന വിധത്തിലുള്ള പയറുത്പാദനം കർഷകർക്കും മറ്റും നൽകുന്ന പ്രയോജനങ്ങൾ നിരവധിയാണ്. വെജിറ്റബിൾ പ്രോട്ടീനുകളുടെ കലവറയാണ് ധാന്യങ്ങൾ. പാവപ്പെട്ടവരുടെ മാംസം എന്നറിയപ്പെടുന്ന വെള്ളപ്പയർ ഇതിനൊരു ഉദാഹരണം മാത്രം. പയറുവർഗങ്ങളുടെ കൃഷിയിലൂടെ മണ്ണിന്റെ ഫലപുഷ്ടി മെച്ചപ്പെടുകയും ജൈവവൈവിദ്ധ്യം വർധിക്കുകയും ചെയ്യുന്നു.
കൂടാതെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നു. ഇത്തരത്തിലുള്ള സാഹചര്യങ്ങളെയെല്ലാം പരിഗണിച്ചുകൊണ്ടാണ് ഈ വർഷം ഐക്യരാഷ്‌ട്രസഭ അന്താരാഷ്‌ട്ര പയർ വർഗ വർഷമായി പ്രഖ്യാപിച്ചിരിക്കുന്നത്. ‘‘സുസ്ഥിര ഭാവിക്ക് പോഷകമൂല്യമുള്ള വിത്ത് ’’ എന്നതാണ് മുദ്രാവാക്യം. പയർ വർഗങ്ങളുടെ പോഷകമൂല്യത്തെക്കുറിച്ചും അത് മനുഷ്യന് നൽകുന്ന ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. അതുവഴി പയർവർഗങ്ങളുടെ ഉൽപ്പാദനവും വിപണനവും പരമാവധി വർധിപ്പിക്കുന്നതിനും യു എൻ ലക്ഷ്യമിടുന്നു.
പയറുവർഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പണ്ടുകാലം മുതലേ മനുഷ്യൻ മനസ്സിലാക്കിയിരുന്നു ജലാംശം തീരെ കുറഞ്ഞതിനാൽ ഉണക്കി ദീർഘകാലം സൂക്ഷിച്ചുവയ്‌ക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. ഊർജ്ജദായകമായ കാർബോ ഹൈഡ്രേറ്റ്, നാരുകൾ, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, വിവിധ വിറ്റാമിനുകൾ പയറിനങ്ങളിൽ അടങ്ങിയിട്ടുണ്ട്.
പയർ വർഗത്തിൽപ്പെട്ടവ ലോകത്തെമ്പാടുമായി 13,000 ത്തോളം ഇനം കൃഷി ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ നാട്ടിൽ വളരെ കുറച്ച് ഇനങ്ങളെ ഉപയോഗിക്കുന്നുള്ളു. പച്ചയായിട്ടുള്ളതും ഉണങ്ങിയതുമായ രണ്ടിനങ്ങൾ നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. അമരക്കായ്, നീളൻ പയർ, ബീൻസ് തുടങ്ങിയവയാണ് പച്ച ഇനത്തിൽപ്പെട്ടവ. മുതിര, തുവര, ഉഴുന്ന്, കടല, സോയാബീൻ, ചെറുപയർ, പച്ച പട്ടാണിക്കടല എന്നിവ ഉണങ്ങിയ ഇനത്തിൽപ്പെടുന്നു. ഇവയുടെ ഗുണങ്ങളെക്കുറിച്ച് നമ്മൾ ബോധവാന്മാരല്ല എന്നതാണ് വാസ്തവം.
ജനസംഖ്യ താരതമ്യേന കൂടുതലുള്ള ആഫ്രിക്കയിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ഏഷ്യയിലും പയറ് വർഗ്ഗങ്ങൾ മുഖ്യ ഭക്ഷ്യ ഇനമാണ്.
പ്രായപൂർത്തിയായ ഒരാൾക്ക് ഒരു ദിവസം 40 ഗ്രാം പയർ വർഗം ഉപയോഗിക്കണമെന്നാണ് കണക്ക്. യൂണിസെഫിന്റെ കണക്കു പ്രകാരം പോഷകാഹാരക്കുറവ് മൂലം ലോകത്ത് ഓരോ 13 സെക്കൻഡിലും ഒരു കുട്ടിവീതം മരണമടയുന്നുണ്ട്. അവികസിതരാജ്യങ്ങളിൽ ജനിക്കുന്ന നല്ലൊരു ശതമാനം കുട്ടികളും ആവശ്യത്തിന് തൂക്കമില്ലാതെയാണ് ജനിക്കുന്നത്. ഇവിടുത്തെ സ്ത്രീകൾക്ക് ഗർഭാവസ്ഥയിൽ വേണ്ടത്ര പ്രോട്ടീൻ ലഭിക്കുന്നില്ല എന്നതാണ് ഇതിന് കാരണം.
പോഷകാഹാരക്കുറവുമൂലമുള്ള വിളർച്ച അനുഭവിക്കുന്നവർ ഭാരതത്തിലുമുണ്ട്. ഈ അവസ്ഥയ്‌ക്ക് ഒരു മാറ്റം അനിവാര്യമാണ്. അതുകൊണ്ടാണ് പ്രോട്ടീൻ ധാരാളമായിട്ടടങ്ങിയിട്ടുള്ള പയറുവർഗ്ഗങ്ങളുടെ ഉത്പാദനത്തിനും വിപണനത്തിനുമായി 2016 തിരഞ്ഞെടുത്തിരിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ പയറ് വർഗ്ഗങ്ങൾ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഭാരതവും ഉൾപ്പെടുന്നു.
പയറിനങ്ങളെല്ലാം പരിസ്ഥിതിയ്‌ക്ക് ഏറെ ഇണങ്ങുന്നവയാണ്. പയറ് വിളകൾ കൃഷിചെയ്യാൻ ജലസേചനം കുറച്ചുമതി എന്നതാണ് ഇതിൽ പ്രധാനം. എല്ലാ കാലാവസ്ഥാ വ്യതിയാനങ്ങളേയും അതിജീവിക്കാൻ പയറിനങ്ങൾക്ക് സാധിക്കും. പയർ ചെടിയുടെ വേരുകൾ മണ്ണിലേക്കിറങ്ങി വളരുന്നതിനാൽ മണ്ണൊലിപ്പ് തടയുന്നതിനും ഭൂമിയെ തണുപ്പിക്കുന്നതിനും പയറിനങ്ങൾക്ക് സാധിക്കും. ഭൂമിയിൽ ഏറ്റവും കൂടുതൽ പാഴാക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ഒന്നാണ് പയറിനങ്ങൾ. ഇട കൃഷിയായോ, വിളകൾക്കിടയിലോ ആണ് പയർ വർഗങ്ങൾ കൃഷി ചെയ്യുന്നത്. അതുകൊണ്ട് മണ്ണിനെ സംരക്ഷിക്കാൻ പയർ ചെടികൾക്ക് സാധിക്കും.
68-ാമത് യുഎൻ ജനറൽ അസംബ്ലിയാണ് 2016 നെ അന്താരാഷ്‌ട്ര പയറ് വർഗ്ഗ വർഷമായി പ്രഖ്യാപിച്ചത്. യുഎന്നിന്റെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷനെയാണ് ഇത് നടപ്പാക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷയ്‌ക്കും പോഷകാഹാരത്തിനും പയർ വർഗങ്ങളുടെ ഉത്പാദന എപ്രകാരം സഹായിക്കുന്നു എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിൽ പയറിനുള്ള മേന്മകളെക്കുറിച്ച് ബോധവത്കരണം നടത്തുക, വിളപരിക്രമണങ്ങളിൽ പയർവർഗ വിളകൾ കൂടുതലായി ഉൾപ്പെടുത്തുക, ഗവേഷണം ഊർജിതപ്പെടുത്തുക, പയറിന്റെ വിപണനത്തിലെ വെല്ലുവിളികൾ നേരിടാനുള്ള തന്ത്രങ്ങൾക്ക് രൂപം നൽകുക തുടങ്ങിയവയാണ് വർഷാചരണത്തിന്റെ ലക്ഷ്യങ്ങൾ. സുസ്ഥിരമായ ഭാവിക്ക് പോഷകമേന്മയുള്ള വിത്തുകൾ എന്നതാണ് വർഷാചരണത്തിന്റെ മുദ്രാവാക്യം.
പയറിനെപ്പറ്റി പറഞ്ഞ് ഐലന്റ് സ്‌കൂൾ
മാറുന്ന ഭക്ഷണ രീതിയിൽ നാം കൈവെടിയുന്ന പോഷകസമൃദ്ധ ആഹാരത്തെകുറിച്ച് തലമുറകളിൽ ബോധമുണർത്തുവാനാണ് പയർ വർഗ്ഗ വർഷാചരണത്തിലുടെ ഐലന്റ് സർക്കാർ സ്‌കൂൾ ശ്രമിക്കുന്നത്.
ലോകത്ത് പയർവർഗ്ഗ ഇനങ്ങളിൽപ്പെട്ട 13,000ത്തിലേറെ ഇനങ്ങളിൽ അതാത് രാജ്യത്ത് സുപരിചിതമായ പയറുകളെ കുറിച്ചും കൃഷിരീതി, ഉൽപാദനം, ഉപഭോഗം,പോഷകമൂല്യം, വിപണി തുടങ്ങിയ വിവിധതല വിഷയ ബോധവൽക്കരണത്തോടോപ്പം അന്യംനിന്നുപോകുന്ന പയർ വർഗ്ഗ സംരക്ഷണവും ലക്ഷ്യമാക്കിയാണ് ആഗോളതലത്തിൽ 2016 പയർ വർഗ്ഗ വർഷമായി കൊണ്ടാടുന്നത്.
നമ്മുടെ ഭക്ഷണത്തിലൂടെ പയർ വർഗ്ഗങ്ങൾ നൽകുന്ന ഊർജ്ജവും ആരോഗ്യ സംരക്ഷണവും പോഷകമൂല്യവും ജനങ്ങളിൽ ചിന്താവിഷയമാക്കുന്നതോടോപ്പം, ഓരോ ഇനം പയർ വർഗ്ഗത്തിന്റെ സവിശേഷതകളെക്കുറിച്ചുള്ള പഠന ഗവേഷണവിഷയങ്ങളും ഉയർന്നു വരും.
ഭാരതത്തിലെ വിവിധ ദേശങ്ങളിലുള്ള പയർ വർഗ്ഗപരിചരണമാണ് പരിസ്ഥിതിദിന ബോധവൽക്കരണ പ്രവർത്തനത്തിലൂടെ ഐലന്റ് സർക്കാർ സ്‌കൂളിൽ നടന്നത്. സ്‌കൂൾ ലൈബ്രറിയിലെ കൃഷിവിജ്ഞാന പുസ്തക ശേഖരങ്ങളിൽ നിന്ന് കുട്ടികൾ പഠിച്ച് തയ്യാറാക്കിയ പയറുകളെക്കുറിച്ചുള്ള വിഷയചാർട്ടുകൾ ഏറെ ശ്രദ്ധേയമാണ്. വിഷയാവതരണത്തോടോപ്പം വിദ്യാർത്ഥികളിൽ വായന വളർത്താനും പ്രാധാന്യം തിരിച്ചറിയുവാനും ഇത് ഇടയാക്കുമെന്ന് നേതൃത്വം നൽകിയ അദ്ധ്യാപകരായ സി.എസ്.വിഷ്ണുരാജും എം.എസ്. ഷിംനമോളും പറഞ്ഞു.
മലയാളക്കരയിലെ പോഷകമൂല്യമുള്ള പയർ വർഗ്ഗങ്ങളെക്കുറിച്ച് പ്രത്യേകം തയ്യാറാക്കിയ റിപ്പോർട്ടുകളും കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട്. പയർ വർഗ്ഗ പ്രചാരണവുമായി ബന്ധപ്പെട്ട് സ്‌കൂളിൽ കുട്ടികൾക്ക് പയർ കൊണ്ടുള്ള വിഭവങ്ങളും ഭക്ഷണമായി ഒരുക്കിയിരുന്നു. ചെറുപയർ പരിപ്പ് പായസം, പയറുകൊണ്ടുള്ള കറികൾ, പലഹാരങ്ങൾ തുടങ്ങിയവും ഭക്ഷ്യവിഭവമാക്കി. പയർവർഗ്ഗത്തെ ക്കുറിച്ചുള്ള പഠനവും ഭക്ഷണവുമൊരുക്കിയതോടോപ്പം പയറു വർഗ്ഗ കൃഷിയും സ്‌കൂൾമുറ്റത്ത് തുടങ്ങുകയും ചെയ്തു.
കൊച്ചി കാണാനെത്തിയ ഗുജറാത്തി കുടുംബത്തിന്റെ സാന്നിധ്യത്തിൽ പ്രാരംഭം കുറിച്ച പയർ കൃഷിയിൽ മലയാളിക്ക് സുപരിചിതവും മൺമറയുന്നതുമായ നീളം കുടിയ കഞ്ഞിക്കുഴി പയർ, 18 മണി പയർ, വളവരക്ക പയർ, 22 മണി പയർ, ചെറുപയർ, വൻപയർ, ബീൻസ്, ഉഴുന്ന്, കുറ്റി പയർ, ചെറുവറ്റിൻ പയർ തുടങ്ങി 35 ലേറെ പയറുകളുടെ വിത്തുപാകലും സകൂളിൽ നടന്നു. വിദ്യാർത്ഥിക്കൂട്ടം നട്ടുവളർത്തിയ പയർ കൃഷിയിൽ നിന്ന്, ഓണക്കാലത്ത് വിളവെടുക്കുകയെന്ന ലക്ഷ്യവുമായി സകൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും രക്ഷിതാക്കളും പയർ കൃഷിയെ പരിചരിക്കുന്നുമുണ്ട്.
ഐക്യരാഷ്‌ട്രസഭയുടെ പയർവർഗ്ഗ വർഷത്തെ സ്വാഗതം ചെയ്തുകൊണ്ട് അറബിക്കടലിന്റെ തീരത്തെ തുറമുഖ നഗരിയിലെ ഐലന്റ് സർക്കാർ ഹൈസ്‌കൂൾ ശ്രദ്ധേയമാവുകയാണ്. സ്‌കൂൾ തല ശാസ്ത്രമേളയിൽ പയർ വർഗ്ഗത്തിന്റെ വ്യത്യസ്തതയാർന്ന പ്രദർശനമൊരുക്കാനും നാടൻ കഥകളിലെ പയറിന്റെ കഥ ഇതിവൃത്തമാക്കി നാടകാവതരണത്തിനും തയ്യാറെടുക്കുകയാണ് ഐലന്റ് സർക്കാർ സ്‌കൂൾ‘.
അതേസമയം സാമൂഹിക വിഷയങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന കൊച്ചി തുറമുഖ നഗരത്തിലെ ഏക സർക്കാർ ഹൈസ്‌കൂൾ ഇന്ന് അതിജീവന പാതയിലാണ് വിരലിലെണ്ണാവുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും പിടിഎയും ചേർന്നുള്ള കൂട്ടായ്മയിൽ വെല്ലുവിളികളെ അതിജീവിക്കുകയാണ് ഈ സ്‌കൂൾ. തുറമുഖ ട്രസ്റ്റിന്റെ ഭൂമിയിൽ തുറമുഖ ജീവനക്കാരുടെ മക്കൾക്കായി സ്ഥാപിച്ച ഐലന്റ് സർക്കാർ ഹൈസ്‌കൂളിൽ ഇന്നുള്ളത് പുറമെ നിന്നുള്ള കുട്ടികൾ മാത്രം.
തുറമുഖ നഗരിയിലെ സർക്കാർ സ്‌കൂളിനും പ്രതാപത്തിന്റേതായ ഒരുകാലം ഉണ്ടായിരുന്നു. നിറയെ കുട്ടികൾ, വേണ്ടതിലേറെ അദ്ധ്യാപകർ, സൗകര്യങ്ങൾ. എന്നാലിന്നിത് ഓർമ്മകളിൽ മാത്രം. തുറമുഖ ട്രസ്റ്റിലെ ജീവനക്കാർ പോലും പരിഗണിക്കാത്ത സർക്കാർ സ്‌കൂളായി പിന്നീടിത് മാറി. ഒരു പതിറ്റാണ്ടിന് മുമ്പ് പത്താം ക്ലാസ്സിൽ ഒരു വിദ്യാർത്ഥി എന്ന നിലയിലുമെത്തി. എന്നാലിന്ന് ഈ സ്‌കൂളും മറ്റേതൊരു സർക്കാർ വിദ്യാലയവും പോലെ അതിജീവനത്തിന്റെ പാതയിലാണ്.
വിസ്തൃതമായ ഇരുനില കെട്ടിടത്തിൽ അഞ്ച് മുതൽ പത്ത് വരെ ഓരോ ഡിവിഷനിലുമായി ആകെയുള്ളത് 28 വിദ്യാർത്ഥികൾ. പത്തിൽ എട്ട് വിദ്യാർത്ഥികൾ. അദ്ധ്യാപകർ വേണ്ടത് എട്ട്, ഇപ്പോഴുള്ളത് അഞ്ച്. സയൻസ്, ഹിന്ദി, സോഷ്യൽ എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ. ജീവനക്കാർ രണ്ട്. എണ്ണത്തിൽ കുറഞ്ഞാലും പ്രവേശനോത്സവം – പരിസ്ഥിതി ദിനം – ലഹരി വിരുദ്ധ ദിനം – വായനാവാരം-സാഹിത്യോത്സവം തുടങ്ങി സംസ്ഥാന സ്‌കൂൾ കലോത്സവ വേദികളിൽ നാടകാവതരണം വരെ നടത്തി ഐലന്റ് സർക്കാർ സ്‌കൂൾ സാന്നിധ്യമറിയിക്കുന്നു. കായിക മേഖലയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.
അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധേയമായ വിഷയങ്ങളെ മുൻനിർത്തിക്കൊണ്ടുള്ള പ്രവർത്തനമാണ് സ്‌കൂളിനെ ശ്രദ്ധേയമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക