കൊച്ചി: സരിത നായരുമായി മുന്‍മന്ത്രി എ.പി അനില്‍കുമാറിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി.നസറുള്ള 185 തവണ േഫാണില്‍ സംസാരിച്ചിരുന്നതായി കോള്‍ ഡിറ്റൈയ്ല്‍ റെക്കോര്‍ഡ് (സിഡിആര്‍). 2012 ജൂണ്‍ നാലിനും 2013 മെയ് എട്ടിനുമിടയില്‍ സരിതയുടെ ഒരു മൊബൈല്‍ ഫോണിലേക്കും തിരിച്ചും 164 തവണ സംസാരിച്ചതായും സിഡിആറിലുണ്ട്. ഇതുസംബന്ധിച്ച രേഖകള്‍ സോളാര്‍ കമ്മീഷന്‍ അഭിഭാഷകന്‍ അഡ്വ.സി.ഹരികുമാര്‍ ബുധനാഴ്ച സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മീഷനില്‍ ഹാജരാക്കി. ഈ 164 വിളികളില്‍ 74 കോളുകള്‍ നസറുള്ള സരിതയെ വിളിച്ചതാണ്.
ആറുവിളികള്‍ 1000 സെക്കന്റിലധികം ദൈര്‍ഘ്യമുള്ളതാണ്. ഇതില്‍ നാലെണ്ണം സരിതയെ നസറുള്ള വിളിച്ചതും രണ്ടെണ്ണം സരിത തിരിച്ചുവിളിച്ചതുമാണ്.
1958 സെക്കന്‍ഡ് നീളുന്നതാണ് ഇതില്‍ ഏറ്റവുമധികം ദൈര്‍ഘ്യമുള്ളത്. സരിതയുടെ മറ്റൊരു നമ്പറിലേക്കും തിരിച്ചും 2012 സെപ്തംബര്‍ 17 മുതല്‍ 2013 മാര്‍ച്ച് അഞ്ചുവരെ അങ്ങോട്ടുമിങ്ങോട്ടും 21 വിളികള്‍ നടന്നിട്ടുണ്ട്.
സരിതയെ താന്‍ രണ്ടുതവണ നേരിട്ടു കണ്ടിട്ടുണ്ടെന്നും നസറുള്ള കമ്മീഷനില്‍ മൊഴിനല്‍കി. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ടീം സോളാര്‍ കമ്പനിയുടെ എനര്‍ജി മാര്‍ട്ടുകള്‍ മന്ത്രി എ പി അനില്‍കുമാറിനെക്കാണ്ട് ഉദ്ഘാടനം ചെയ്യിക്കണമെന്നാവശ്യപ്പെട്ടാണ് 2012ല്‍ സരിത രണ്ടുതവണ നേരിട്ടു വന്നത്. എന്നാല്‍ മന്ത്രിയ്‌ക്ക് തിരക്കുള്ളതിനാല്‍ ഉദ്ഘാനത്തിന് സമയം നല്‍കിയില്ല. മറ്റുമന്ത്രിമാരെ ഉദ്ഘാടനത്തിന് ഏര്‍പ്പെടുത്തിക്കൊടുക്കുന്നതിനായി പല തവണ സരിത തന്നെയും താന്‍ തിരിച്ചും വിളിച്ചിട്ടുണ്ട്.
എന്നാല്‍ ബിജു രാധാകൃഷ്ണന്‍ തന്നെയോ മന്ത്രിയെയോ നേരിട്ടു കാണുകയോ ഫോണില്‍വിളിക്കുകയോ ചെയ്തിട്ടില്ല. തന്നെ നസറുള്ള മാനഭംഗപ്പെടുത്തിയെന്ന് സരിതയുടെ കത്തിലുള്ളതായി പത്രമാധ്യമങ്ങളില്‍ വാര്‍ത്ത വന്നകാര്യം അറിയില്ലെന്ന് നസറുള്ള പറഞ്ഞു.
















