
പയ്യാവൂര്‍: പനിബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച പൈസക്കരി ദേവമാതാ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി ജാനറ്റ് ജോയിക്ക് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്നലെ രാവിലെ പത്തുമണിയോടെ ജാനറ്റിന്റെ വീട്ടില്‍ ആരംഭിച്ച ശവസംസ്‌കാര ശുശ്രൂഷക്ക് ശേഷം പൈസക്കരി പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു. കലാ-സാഹിത്യ രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന വിദ്യാര്‍ത്ഥിയാണ് ജാനറ്റ്. പൈസക്കരി സെന്റ് മേരീസ് യുപി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ പൈസക്കരി എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ്, കോളേജ്, ഐടിഐ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന അനുശോചന യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം പി.കെ.സരസ്വതി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡെയ്‌സി ചിറ്റൂപറമ്പില്‍, തളിപ്പറമ്പ് ഡിഇഒ ജയചന്ദ്രന്‍, ഇരിക്കൂര്‍ എഇഒ വി.കെ.മോഹനന്‍ തുടങ്ങിനിരവധി പേര്‍ സംസാരിച്ചു.
















