മരട്: വെള്ളക്കെട്ടുമൂലം അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്താനാകാതെ ദുരിതമനുഭവിക്കുകയാണ് മരടിലെ കുടുംബം. മരട് നഗരസഭ 22-ാം ഡിവിഷന്‍ പണ്ഡിറ്റ് കറുപ്പന്‍ റോഡില്‍ കടവത്ത് വീട്ടില്‍ കൃഷ്ണകുമാറും കുടുംബവുമാണ് വീട്ടുമുറ്റത്തെ വെള്ളക്കെട്ട്മൂലം ദുരിതം അനുഭവിക്കുന്നത്. ഞായറാഴ്ച അന്തരിച്ച അമ്മ കാര്‍ത്തോ തങ്കപ്പന്റെ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിനുവെക്കാനോ അന്ത്യകര്‍മ്മങ്ങള്‍ നടത്തുവാനോ സാധിച്ചില്ല. തുടര്‍ന്ന് സഹോദരന്‍ സത്യന്റെ വീട്ടിലാണ് പൊതുദര്‍ശനത്തിനു വെച്ചതും അന്ത്യകര്‍മ്മങ്ങള്‍ നടത്തിയതും.
വീടിന്റെ പരിസരവാസികള്‍ മതില്‍കെട്ടി തിരിച്ചതുമാണ് വെള്ളക്കെട്ടിനു കാരണം. റോഡ് മണ്ണടിച്ച് ഉയര്‍ത്തിപ്പണിയുന്നതിനാല്‍ റോഡിലെ വെള്ളവും ഒഴുകിയെത്തുന്നത് വീട്ടുമുറ്റത്തേക്കാണ്. ശൗചാലയമൊക്കെ വെള്ളത്തില്‍ മുങ്ങിയതിനാല്‍ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ സാധിക്കാതെ വരുന്നു. ശക്തമായ മഴപെയ്താല്‍ വീടിനകത്തും വെള്ളം കയറും. ഭാര്യയും അഞ്ചും മൂന്നും വയസ്സുള്ള രണ്ടു കുട്ടികളും അടങ്ങുന്നതാണ് കൃഷ്ണകുമാറിന്റെ കുടുംബം. മലിനജലം മൂലം ഗുരുതരമായ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന ഇക്കാലത്ത് ഇതൊന്നുമറിയാതെ വീട്ടുമുറ്റത്തെ വെള്ളക്കെട്ടില്‍ കളിക്കുകയാണ് കൃഷ്ണകുമാറിന്റെ നിഷ്‌കളങ്കരായ കുരുന്നുകള്‍.
















