കളമശേരി: എച്ച്എംടി റോഡില്‍ അവസാനഘട്ട നിര്‍മ്മാണത്തിലുള്ള വൈറ്റ് ടോപ്പിംഗ് റോഡ് പദ്ധതി അശാസ്ത്രീയമായാണ് നടപ്പിലാക്കുന്നതെന്ന് ആക്ഷേപം ശക്തമാകുന്നു. റോഡിലെ ടൈലുകള്‍, മീഡിയനുകള്‍, കുടിവെള്ള പൈപ്പുകള്‍ എന്നിവ തുടര്‍ച്ചയായി തകരുന്നതും മഴവെള്ളം കെട്ടിക്കിടക്കുന്നതും കോണ്‍ക്രീറ്റ് ചെയ്ത റോഡിലെ മിനുസതയും കാരണം അപകടങ്ങളും നിരവധിയാണ്.
കഴിഞ്ഞ ദിവസം എച്ച്എംടി കവലയില്‍ ടൈലുകള്‍ പാകിയത് മഴ പെയ്തപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തകര്‍ന്നു. വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങളൊരുക്കാതെയാണ് നിര്‍മ്മാണം നടത്തിയത്. വേനലിലെ ആദ്യ മഴയില്‍ തന്നെ വെള്ളക്കെട്ട് വന്നപ്പോള്‍ ബസ് സ്‌റ്റോപ്പിന് മുന്നില്‍ ജെ സി ബി ഉപയോഗിച്ച് ചാല് കീറിയിരുന്നു. എന്നാല്‍ റോഡിന്റെ ചരിവ് കാരണം മഴവെള്ളം ഇതിലൂടെ ഒഴുകി പോകുന്നില്ല.
റോഡിനടിയിലെ പഴക്കം വന്ന കുടിവെള്ള പൈപ്പുകള്‍ മാറ്റാതെ കോണ്‍ക്രീറ്റ് നിര്‍മ്മാണം നടത്തിയതും അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. മുപ്പതു വര്‍ഷം വരെ അറ്റകുറ്റപ്പണി വേണ്ടായെന്ന ലക്ഷ്യത്തോടെയാണ് പരമ്പരാഗതമായ ടാറിംഗിന് പകരം കോണ്‍ക്രീറ്റ് ആക്കിയത്. കുടിവെള്ള പൈപ്പുകള്‍ പൊട്ടിയും വൈറ്റ് ടോപ്പിംഗ് റോഡിന്റെ ഏതാനും ഭാഗങ്ങള്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് തകര്‍ന്നിരുന്നു. പിന്നീട് കുടിവെള്ള പൈപ്പ് നന്നാക്കാന്‍ കോണ്‍ക്രീറ്റ് റോഡ് പല തവണ കുത്തിപ്പൊളിച്ചു. റോഡ് വീതി കൂട്ടിയപ്പോള്‍ ഭൂഗര്‍ഭ കുഴലുകള്‍ റോഡിന് നടുവിലേക്കാകുകയും വാഹനങ്ങള്‍ കടന്നു പോയതിന്റെ സമ്മര്‍ദ്ദത്താല്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടുകയുമായിരുന്നു.
നിരന്തരം അപകടങ്ങള്‍ ഉണ്ടായിട്ടും റോഡ് സേഫ്റ്റി കൗണ്‍സിലും സ്ഥലം സന്ദര്‍ശിക്കാന്‍ തയ്യാറാകുന്നില്ല. വൈറ്റ് ടോപ്പിംഗ് റോഡും സി പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡും കൂടിച്ചേരുന്ന മേഖലയിലും അപകടങ്ങള്‍ നിത്യസംഭവമാണ്. എച്ച്എംടി കവലയില്‍ നിന്ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് മുന്നിലൂടെ മണലിമുക്ക് വരെയുള്ള അഞ്ച് കിലോമീറ്റര്‍ റോഡാണ് വൈറ്റ് ടോപ്പിംഗ് ചെയ്തത്. സംസ്ഥാനത്തെ ആദ്യത്തെ കോണ്‍ക്രീറ്റ് റോഡാണിത്. എന്നാല്‍ പലയിടത്തും റോഡില്‍ കോണ്‍ക്രീറ്റിനു പകരം കോണ്‍ക്രീറ്റ് കട്ടകളാണ് പാകിയിരിക്കുന്നത്.
2013 മേയ് 23ന് ഉദ്ഘാടനം ചെയ്യ്ത പദ്ധതി ആറു മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. നീണ്ടു പോയ പദ്ധതിയുടെ നിര്‍മ്മാണ ചെലവ് മൂന്നാം വര്‍ഷമായപ്പോള്‍ 15 കോടിയില്‍ നിന്ന് 20 കോടിയിലെത്തുകയും ചെയ്തു.
















