മുക്കം: തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധനയുടെ ഭാഗമായി സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിന്റെ ചുവട് പിടിച്ച് ടാപ്പിംഗ് തൊഴിലാളികളുടെ അധ്വാനഭാരം വര്‍ധിപ്പിക്കാനുളള മാനേജ്‌മെന്റ് നീക്കം തിരുവമ്പാടി എസ്റ്റേറ്റില്‍ സംഘര്‍ഷത്തിന് കാരണമായി. 2016 മെയ് 17നാണ് തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി സര്‍ക്കാര്‍ വിജ്ഞാപനം വന്നത്. നിലവില്‍ 300 മരങ്ങളാണ് തൊഴിലാളികള്‍ ടാപ്പിംഗ് നടത്തേണ്ടിയിരുന്നത്. ഇതിന് 320 രൂപയായിരുന്നു കൂലി.വിജ്ഞാപനപ്രകാരം കൂലി 62 രൂപ വര്‍ധിപ്പിക്കുകയും ടാപ്പ് ചെയ്യേണ്ട മരങ്ങളുടെ എണ്ണം 400 ആക്കി വര്‍ധിപ്പിക്കുകയും ചെയ്തു.
2 മാസം മുന്‍പ് ഇതിന്റെ കരട് വിജ്ഞാപനം പുറത്തിറക്കിയ സമയത്ത് തന്നെ അധ്വാനഭാരം വര്‍ധിപ്പിക്കുന്നതിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ സംഘടനകളുടേയും തൊഴിലാളികളുടേയും ആക്ഷേപങ്ങളും നിര്‍ദേശങ്ങളും അപ്പാടെ തള്ളികൊണ്ട് കരടുവിജ്ഞാപനത്തില്‍ മാറ്റം വരുത്താതെയാണ് മെയ് 17ന് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനമിറക്കിയത്. ഇതേ തുടര്‍ന്ന് മിക്ക തോട്ടങ്ങളിലും ഒരു മാസത്തിലധികമായി മാനേജ്‌മെന്റും തൊഴിലാളികളും തമ്മില്‍ അസ്വാരാസ്യങ്ങള്‍ നിലനില്‍ക്കുകയാണ്. പ്രശ്‌നം പരിഹരിക്കാനായി വകുപ്പു മന്ത്രിയും ട്രേഡ് യൂനിയന്‍ നേതാക്കളും തോട്ടം ഉടമകളും തമ്മില്‍ സംസ്ഥാന തലത്തില്‍ ചര്‍ച്ച നടന്നു വരികയാണ്. ഇതേ തുടര്‍ന്ന് ഒട്ടുമിക്ക തോട്ടങ്ങളിലും വിജ്ഞാപനപ്രകാരമുളള നടപടിക്രമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇന്നലെ തിരുവമ്പാടി എസ്റ്റേറ്റില്‍ അധികൃതര്‍ വിജ്ഞാപനപ്രകാരമുളള മരങ്ങള്‍ ടാപ്പ് ചെയ്യണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയത്. ഇതിന് തൊഴിലാളികള്‍ തയ്യാറാവാതിരുന്നതോടെ ഉല്‍പ്പന്നങ്ങളുടെ അളവ് രേഖപ്പെടുത്തില്ലന്നും വെട്ടിയ റബര്‍പാല്‍ സ്വീകരിക്കില്ലന്നും തൊഴിലാളികളുടെ ഹാജര്‍ രേഖപ്പെടുത്തില്ലന്നും നിലപാടെടുത്തു. ഇതാണ് വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിനും കാരണമായത്.
















