ആലത്തൂര്‍: പത്തു വര്‍ഷത്തിലേറെയായി പരിസ്ഥിതിക്ക് ദോഷകരവും ജനജീവിതത്തിന് ഭീഷണിയായും പ്രവര്‍ത്തിക്കുന്ന വിഴുമലയിലെ ക്വാറി പ്രവര്‍ത്തനത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. ക്വാറി അവസാനിപ്പിക്കണമെന്നും ക്വാറി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഉത്തരവ് പുനഃപരിശോധിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
2005 മുതലാണ് വിഴുമലയെ കാര്‍ന്നുതിന്ന് സ്വകാര്യ വ്യക്തി അനധികൃതമായി ക്വാറി ആരംഭിക്കുന്നത്. ആരംഭംമുതല്‍തന്നെ ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഭരണ സമിതി 2015 നവംബറില്‍ ക്വാറിക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചു. എന്നിട്ടും നിയമം കാറ്റില്‍പ്പറത്തി ജനജീവിതത്തെ ദുസ്സഹമാക്കി ക്വാറി പ്രവര്‍ത്തിക്കുകയാണ്.
കുത്തനെയുള്ള മലയുടെ അടിവാരം തുരന്നാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ കൃഷിക്കായി ആശ്രയിക്കുന്ന വിഴുമലയുടെ താഴ്വരയില് കൃഷി നശിക്കുന്നതിനും ക്വാറി പ്രവര്‍ത്തനം കാരണമാകുന്നു. റബര്‍, തെങ്ങ് തുടങ്ങിയ കൃഷികള്‍ക്ക് നാശം സംഭവിക്കുന്നത് പതിവായിട്ടുണ്ട്. വീടുകള്‍ക്കു മുകളില്‍ പാറച്ചീളുകള്‍ വീണ് കേടുപാടുണ്ടാവുന്നു.
വീടുകള്‍ക്ക് വിള്ളലുണ്ടാവുന്നതും ജനങ്ങളെ ദുരിതത്തിലാക്കുന്നു. പാറപ്പൊടികള്‍ കാറ്റില്‍ പറന്ന് ജലാശയങ്ങളില്‍ വീഴുന്നത് കുടിവെള്ളം മലിനമാകാനിടയാകുന്നു. പൊടിപടലങ്ങള്‍ ശ്വസിച്ച് വൃക്ക സംബന്ധമായ അസുഖങ്ങള്‍ പടരുന്നതും കുട്ടികള്‍ക്കുപോലും മാറാരോഗം പിടിപെടുന്നതും പ്രദേശവാസികളെ ഭീതിയിലാക്കുന്നു. മണ്ണിടിച്ചലും വ്യാപകമാണ്.
മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് യെല്ലോ മാര്‍ക്ക് രേഖപ്പെടുത്തി സ്ഥലത്തുനിന്നും മാറി വന ഭൂമിപോലും കൈയേറി ആ ഭൂമിയിലും പാറപൊട്ടിക്കുന്നുണ്ട്.
പാരിസ്ഥിതിക അനുമതിയില്ലാതെയാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. പാരിസ്ഥിതിക, പഞ്ചായത്ത് അനുമതികള്‍ ഒന്നു തന്നെ ഇല്ലാതെ തികച്ചും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെ നിരവധി പരാതി ജനങ്ങള്‍ നല്‍കിയിട്ടും പ്രതികൂല ഉത്തരവുകള്‍ ഉണ്ടായിട്ടും ക്വാറി മാഫിയ പ്രവര്‍ത്തനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: