കൊച്ചി: കോഴിക്കോട് നഗരത്തിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണം ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് തടഞ്ഞതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കി. എഡിബി വായ്‌പയുടെ സഹായത്തോടെ 30 കോടി രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന പദ്ധതിക്കായി ഇതിനകം തന്നെ 4.7 കോടി രൂപ വിനിയോഗിച്ചുവെന്നും പദ്ധതി വൈകുന്നത് സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ റിവിഷന്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്.
2.6 ഏക്കറിലെ പ്ലാന്റിന്റെ പ്രവര്‍ത്തനം പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയില്‍ കഴിഞ്ഞ ഡിസംബര്‍ 18 നാണ് ട്രൈബ്യൂണല്‍ സ്റ്റേ അനുവദിച്ചത്.
പദ്ധതി അനിശ്ചിതമായി വൈകിയാല്‍ വായ്‌പ തിരിച്ചടവു തുക വര്‍ദ്ധിക്കുമെന്നും കരാറുകാരന് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പ്ലാന്റിന്റെ പത്തു ശതമാനം പണികള്‍ പൂര്‍ത്തിയാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരെ സുപ്രീം കോടതിയിലാണ് അപ്പീല്‍ നല്‍കേണ്ടതെങ്കിലും ഡീസല്‍ വാഹന നിയന്ത്രണം സംബന്ധിച്ച ഹരിത ട്രൈബ്യൂണല്‍ വിധി ഹൈക്കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് ഈ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
















