മുക്കം: വട്ടോളിപ്പറമ്പിനടുത്ത കാപ്പുമലയിലെ ക്വാറി ക്രഷര്‍ വിഷയത്തില്‍ മുക്കം നഗരസഭാ ചെയര്‍മാന്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കാപ്പുമല ക്വാറി ക്രഷര്‍ വിരുദ്ധ സമിതി യോഗം ആരോപിച്ചു. മതിയായ അനുമതികളില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ഭീഷണിയായതിനെ തുടര്‍ന്ന് അപായകരവും ആപല്‍ക്കരവുമായ ഡിആന്റ്ഒ ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് ചൂണ്ടി കാട്ടി നാട്ടുകാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ നഗരസഭാ ചെയര്‍മാനും സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നതാണ്. എന്നാല്‍ ഇതൊന്നും പരിഗണിക്കുകയോ പരിശോധിക്കുകയോ ചെയ്യാതെ അനുമതി പുതുക്കി നല്‍കുകയാണുണ്ടായത്. വിവിധ വകുപ്പുകളില്‍ നിന്നും ലഭിക്കേണ്ട. മൈന്‍ സേഫ്റ്റി ഡയറക്ടറേറ്റിന്റെ അനുമതി ,പാരിസ്ഥിതികാനുമതി, ഹെല്‍ത്ത് സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡൈവേജ് സിറ്റി മാനേജ്‌മെന്റ്,മണ്ണ് മാന്തിയന്ത്രം, പൊക്ലയിന്‍, ബ്രെയ്‌ക്കര്‍ തുടങ്ങിയ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി,തൊഴിലാളികളുടെ പേര് വിവരങ്ങളുടെ റജിസ്‌ട്രേഷന്‍, എന്നിവയുടെ അഭാവത്തിലിലാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചു കൊണ്ട് നഗരസഭാ ചെയര്‍മാന്‍ പത്രകുറിപ്പ് ഇറക്കിയത് ക്വാറി മാഫിയയെ സഹായിക്കാനാണെന്നും സമിതി യോഗം ആരോപിച്ചു.പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാനും നിയമ നടപടികളുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു. സമിതി ചെയര്‍മാന്‍ എടക്കാട്ടുപറമ്പില്‍ മോഹന്‍ ദാസ് അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കുന്നത്ത് സിദ്ധാര്‍ത്ഥന്‍ സംസാരിച്ചു.
















