കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം വിളിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ വനിതകളുടെ ഫോറന്‍സിക്ക് വാര്‍ഡ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ഈ ആഗസ്തില്‍ തിരുവനന്തപുരത്ത് വെച്ചായിരിക്കും യോഗം ചേരുക. ആശുപത്രിയുടെ മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് പ്രത്യേക ചര്‍ച്ചനടത്തും. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിന് ആവശ്യമായിവരുന്ന വിഭാഗങ്ങളുടെ പ്രതിനിധികളെയെല്ലാം യോഗത്തിലേക്ക് വിളിക്കും. മാനസികാരോഗ്യ കേന്ദ്രത്തെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി രൂപം നല്‍കിയ മാസ്റ്റര്‍പ്ലാന്‍ ആരോഗ്യവകുപ്പ് മന്ത്രിക്ക് കൈമാറി. ബംഗളുരുവിലെ നിംഹാന്‍സിനു പുറമെ വിദേശ രാജ്യങ്ങളിലെ സമാന കേന്ദ്രങ്ങളിലെ സംവിധാനങ്ങളെക്കുറിച്ചും പഠനം നടത്തിയ ശേഷം പ്രമുഖ ആര്‍ക്കിട്ടെക്റ്റ് ടോണിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, മാനസികാരോഗ്യ രംഗത്തെ പ്രമുഖര്‍, സന്നദ്ധ ജീവകാരുണ്യ പ്രവര്‍ത്തകര്‍, മാനസികാരോഗ്യകേന്ദ്രം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ജില്ലാ ഭരണകൂടം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്.
ജില്ലാ ഭരണകൂടത്തിന്റെ കമ്പാഷ്യനേറ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ച ‘സോള് ഓഫ് കോഴിക്കോട്’ പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളില്‍ ചിലരും ആശാഭവനിലെ ചിലരും വരച്ച ചിത്രങ്ങള്‍, നിര്‍മ്മിച്ച ചവിട്ടി, കുട എന്നിവയുടെ ഒരു വില്‍പ്പന കേന്ദ്രമായാണ് ‘സോള് ഓഫ് കോഴിക്കോട്’ ആരംഭിച്ചത്. മന്ത്രി ടി.പി. രാമകൃഷ്ണന്‍, എംഎല്‍എമാരായ എ. പ്രദീപ്കുമാര്‍, ഡോ. എം.കെ.മുനീര്‍, കൗണ്‍സിലര്‍ സലിന, ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത്, ഡിഎംഒ ആര്‍.എല്‍. സരിത, ആശുപത്രി സൂപ്രണ്ട് ഡോ. രാജേന്ദ്രന്‍, ഡോ.എ.ബാബുരാജ്, ഡോ.ശിവദാസന്‍, ഡോ.സുരേഷ് കുമാര്‍, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, എം.ഇ.എസ് പ്രസിഡന്റ് ഡോ.പി.എ.ഫസല്‍ ഗഫൂര്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
















