കൊച്ചി: മുഖ്യമന്ത്രിയുടെ ഒപ്പും സീലുമുള്ള കത്തിനെക്കുറിച്ച് സോളാര്‍ തട്ടിപ്പുകേസിലെ പരാതിക്കാരനായ മുടിക്കല്‍ സജാദ് മൊഴി നല്‍കിയിട്ടും അതിനെക്കുറിച്ച് പ്രത്യേക അന്വേഷണമൊന്നും നടത്തിയിരുന്നില്ലെന്ന് മുന്‍ പെരുമ്പാവൂര്‍ സിഐ വി. റോയി സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. പ്രതികളെ അറസ്റ്റു ചെയ്തശേഷം അതിനെക്കുറിച്ച് അന്വേഷിക്കാമെന്നാണ് താന്‍ കരുതിയതെന്നും തട്ടിപ്പ് കേസ് ആദ്യം അന്വേഷിച്ച സിഐ പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥനല്ലാത്ത സുധീര്‍ മനോഹറിനെയും സംഘത്തെയും ഉത്തരവാദിത്തപ്പെടുത്തിക്കൊണ്ട് യാതൊരു നോട്ടീസും നല്‍കിയിരുന്നില്ലെന്നും സിഐ പറഞ്ഞു. പ്രതിയുടെ അറസ്റ്റിനുശേഷം സിഡി ഫയലില്‍ ഇക്കാര്യം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം മൊഴി നല്‍കി. 2013 ജൂണ്‍ മൂന്നാം തീയതി പുലര്‍ച്ചെ നാലു മണിക്കാണ് എസ്‌ഐയും സംഘവും സരിതയെ ആദ്യമായി അറസ്റ്റു ചെയ്തത്. ഈ സമയം താന്‍ പെരുമ്പാവൂരിലായിരുന്നു. എസ്‌ഐയും സംഘവും സരിതയെ അറസ്റ്റു ചെയ്തു പെരുമ്പാവൂരിലെ സിഐ ഓഫീസിലെത്തിച്ചപ്പോഴാണ് താന്‍ ആദ്യമായി അവരെ കാണുന്നതെന്നും സിഐ മൊഴി നല്‍കി.
സബ് ഡിവിഷന്‍ നൈറ്റ് ഡ്യൂട്ടിയുണ്ടായിരുന്നത് കൊണ്ട് സരിതയെ അറസ്റ്റ് ചെയ്യാന്‍ പോയ സംഘത്തില്‍ താന്‍ ഉണ്ടായിരുന്നില്ല. സരിതയെ അറസ്റ്റു ചെയ്യാന്‍ അവരുടെ ലൊക്കേഷന്‍ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് മനസിലാക്കുന്നതിന് ഡിവൈഎസ്പിയുമായി സംസാരിച്ചിരുന്നു. സരിതയുടെ ടവര്‍ ലൊക്കേഷന്‍ മനസിലാക്കി ഡിവൈഎസ്പി ഹരികൃഷ്ണനാണ് തന്നെ വിവരം അറിയിച്ചിരുന്നത്.
താന്‍ നൈറ്റ് ഡ്യൂട്ടിയിലാണെന്ന് അറിയിച്ചപ്പോള്‍ അന്ന് പെരുമ്പാവൂര്‍ എസ്‌ഐ ആയിരുന്ന സുധീര്‍ മനോഹറിനെ അറിയിക്കാമെന്ന് ഡിവൈഎസ്പി തന്നെ അറിയിച്ചു. സുധീര്‍ മനോഹറിനെ കൂടാതെ തന്റെ സ്‌റ്റേഷനിലെ എഎസ്‌ഐ രവി, വനിതാ പോലിസുകാരായ ശ്രീജ, സീമ എന്നിവരും മറ്റു രണ്ടുപേരും ഉണ്ടായിരുന്നുവെന്നും സിഐ പറഞ്ഞു.
















