മുക്കം: കഥ പറഞ്ഞ് കഥ പറഞ്ഞ് ‘ഇമ്മ്ണി ബല്ല്യ’ കഥാകാരനായി മാറിയ ബേപ്പൂര്‍ സുല്‍ത്താന്റെ മാങ്കോസ്റ്റിന്‍ ചുവട്ടില്‍ ഏഴാമതും സൗത്ത് കൊടിയത്തൂര്‍ എ.യു പി സ്ക്കൂളിലെ വിദ്യാര്‍ത്ഥികളെത്തി. വായിച്ചും കേട്ടും അറിഞ്ഞ കഥാകാരന്റെ വൈലാലില്‍ വീട്ടിലെത്തിയ വിദ്യാര്‍ത്ഥികളെ അനീസ് ബഷീറും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. പച്ചയായ മനുഷ്യന്റെ ജീവിതാനുഭവങ്ങളെ നര്‍മ്മത്തിന്റെ രസക്കൂട്ട് തീര്‍ത്ത് എഴുത്തിന്റെ മഹാ വിസ്ഫോടനം സാധ്യമാക്കിയ ‘അണ്ഡകടാഹ’ ത്തിന്റെ കഥാകാരന്റെ തൂലികയും, ചാരുകസേരയും, ഗ്രാമഫോണും, കൈയ്യെഴുത്ത് പ്രതികളും, വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. സുല്‍ത്താന്റെ മകന് അനീസ് ബഷീറുമായി വിദ്യാര്‍ത്ഥികള്‍ ഏറെ നേരം സംവദിച്ചു. എല്ലാ വര്‍ഷവും കോലായില്‍ നിറച്ചിരിയോടെ സ്വീകരിച്ചിരുന്ന സുല്‍ത്താന്റെ പ്രിയ പത്നി ഫാബി ബഷീറില്ലാത്ത ആദ്യ ചരമദിനം കൂടിയായിരുന്നു വിദ്യാര്ത്ഥികള്ക്കിത്തവണത്തെ വൈലാല്‍ സന്ദര്‍ശനം. ബഷീര്‍ ദിനവുമായി ബന്ധപ്പെട്ട് സ്കൂളില്‍ നടന്ന ആസ്വാദന കുറിപ്പ്, പ്രശ്നോത്തരി, പതിപ്പ് നിര്‍മ്മാണം വിജയികള്‍ക്ക് അനീസ് ബഷീര്‍ സമ്മാനം നല്കി. പരിപാടികള്‍ക്ക് അധ്യാപകരായ മജീദ് പൂത്തൊടി, പി.കെ ഫിറോസ്, പി.സി മുജീബ് റഹ് മാന്‍, വി.വസീത എന്നിവര്‍ നേതൃത്വം നല്കി.
















