കരുവാരകുണ്ട്: മാലിന്യം നീക്കാന്‍ നടപടിയില്ലാതെ പഞ്ചായത്ത്. മാലിന്യം കുന്നുകൂടി മിക്കസ്ഥലങ്ങളിലും കൊതുകുകളുടെയും ഈച്ചകളുടെയും തെരുവുനായ്ക്കളുടെയും ശല്യം വര്‍ധിച്ചിട്ടുണ്ട്. മഴയില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യം അഴുകി ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി.
പഞ്ചായത്തില്‍ മാലിന്യനിര്‍മ്മാര്‍ജന യൂണിറ്റ് തുടങ്ങണമെന്ന അവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കച്ചവടം നടത്തുന്നവരോട് അവരവരുടെ കടകളില്‍ നിന്നും പുറംതള്ളുന്ന മാലിന്യം അവരവര്‍ തന്നെ സംസ്കരിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. പക്ഷേ അത് എങ്ങനെയാണെന്ന് വ്യക്തമാക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. ടൗണിലെയും മറ്റും വ്യാപാരസ്ഥാപനങ്ങളില്‍ പലതും രാത്രികാലത്ത് മാലിന്യം കൊണ്ടുതള്ളുകയാണ്. പച്ചക്കറി മാലിന്യങ്ങളും ഹോട്ടല്‍ മാലിന്യങ്ങളും വരെ ഇങ്ങനെ തള്ളപ്പെടുന്നു. ഇവ അഴുകി പരിസരത്ത് ദുര്‍ഗന്ധം വമിക്കുന്നു. കിഴക്കേത്തല ബസ് സ്റ്റാന്റ് ബില്‍ഡിംഗിന് മുകളിലും സ്കൂളുകളുടെ സമീപത്തും ടൗണിനോട് ചേര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെയായി. പകര്‍ച്ചവ്യാധികളുടേയും പ്രത്യേകിച്ച് വൈറല്‍ രോഗങ്ങളുടേയും സ്രോതസായി മാറുകയാണ് ഈ മാലിന്യക്കൂമ്പാരം. ഇതിനോടകം തന്നെ അറുപതോളം ഡെങ്കിപ്പനികളും പതിനഞ്ചോളം സാംക്രമിക രോഗങ്ങളും പഞ്ചായത്തില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മാലിന്യ നിര്‍മാര്‍ജ്ജനത്തിലും പൊതുജന ശുചിത്വം ഉറപ്പാക്കുന്നതിലും പഞ്ചായത്തിനും ആരോഗ്യ വകുപ്പിനും വന്ന പാളിച്ചയാണ് സ്ഥിതിഗതികള്‍ ഗുരുതരമാകുന്നതിന് കാരണമായത്. സാമൂഹിക സുരക്ഷിതത്വത്തിന് വലിയ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും മാലിന്യനിര്‍മാര്‍ജനത്തിന് മാര്‍ഗമൊന്നും നാളിതുവരെ തുടങ്ങിയിട്ടില്ല. പ്രശ്നപരിഹാരത്തിന് ഇരുട്ടില്‍ തപ്പുന്ന പഞ്ചായത്ത് അധികൃതര്‍ ഇതൊക്കെയും കണ്ടില്ലെന്നു നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: