ചിങ്ങവനം: കുഴിമറ്റത്ത് നാട്ടുകാരുടെ ഉറക്കം കെടുത്തിയ അജ്ഞാതജീവിയെ തല്ലികൊന്നു. ഇന്നലെ വൈകിട്ട് മയിലാടുംപാറയിലെ കൈതകാട്ടില്‍ നിന്നും ഇറങ്ങി സമീപത്തുണ്ടായിരുന്ന കോഴിയെ പിടിച്ചു കൊണ്ടുപോകുന്നതിനിടയില്‍ കുട്ടികളാണ് ജീവിയെ കാണുന്നത്. ഇവരുടെ നേര്‍ക്ക് ചീറ്റി അടുക്കുന്നതിനിടയില്‍ കുട്ടികള്‍ നിലവിളിച്ചത് കേട്ട് വന്ന നാട്ടുകാര്‍ ജീവിയെ അടിച്ചു കൊല്ലുകയായിരുന്നു. ഇത് കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരുപറ്റം ജീവികള്‍ ഇതേ സ്ഥലത്തുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് മയിലാടുംപാറ, വാലുപറമ്പില്‍ ഗോപിയുടെ അഞ്ച് ആടുകളെ കൊല്ലുകയും, രണ്ട് ആട്ടിന്‍കുട്ടികളെ മൃതപ്രായമായ രീതിയിലാക്കുകയും ചെയ്ത സംഭവത്തോടെയാണ് കുഴിമറ്റത്ത് അജ്ഞാതജീവിയുടെ വിഹാരം നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. സംഭവത്തെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാര്‍ ആക്രമണത്തിനിരയായ ആടുകളെ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതില്‍ നിന്നും, വന്യസ്വഭാവമുള്ള ജീവികളാണ് ആക്രമണത്തിന് പിന്നിലെന്നും ഇനിയും ഈ ജീവികളുടെ ആക്രമണം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ അജ്ഞാതജീവിയെ പിടികൂടാന്‍ കാമറായും, കെണിയും സ്ഥാപിച്ചു.. ആദ്യ ദിവസം തന്നെ കാമറായില്‍ രണ്ട് നായ്‌ക്കളുടെ ചിത്രം പതിയുകയും, കെണിയില്‍ സമീപത്തെ വളര്‍ത്തുനായ കുടുങ്ങുകയും ചെയ്തു. ഇതേ തുടര്‍ന്ന് നായ്‌ക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ ഇത് പ്രതിഷേധത്തിനിടയാക്കുകയും ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ നാട്ടുകാര്‍ രംഗത്തു വരുകയും ചെയ്തിരുന്നു. തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെല്ലാം വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ അജ്ഞാത ജീവികളുടെ ആക്രമണം തുടരെയുണ്ടായി. ഒടുവില്‍ പനച്ചിക്കാട് പഞ്ചായത്ത് പ്രതിനിധികളുടെ നിവേദനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ ഭരണാധികാരി അടിയന്തിര യോഗം വിളിച്ച് അജ്ഞാതജീവിക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതപെടുത്താനും, സമീപ പ്രദേശങ്ങളിലെ കാടുപിടിച്ചു കിടക്കുന്ന പറമ്പുകള്‍ വെട്ടി തെളിക്കുവാനും തീരുമാനിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ രാത്രി കാലങ്ങളിലെ തെരച്ചില്‍ ശക്തി പെടുത്തിയതോടെ പുറത്തിറങ്ങാന്‍ പറ്റാത്ത ജീവികള്‍ ഇര തേടി പട്ടാപകല്‍ ഇറങ്ങുകയായിരുന്നു. അജ്ഞാത ജീവിയെ പിടിച്ചതറിഞ്് ജനപ്രതിനിധികളടക്കം നൂറ്് കണക്കിനാളുകള്‍ പ്രദേശത്ത് തടിച്ചു കൂടി. വൈകുന്നേരത്തോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പോസ്്റ്റുമോര്‍ട്ടം നടത്തുന്നതിനായി ജഡം കൊണ്ടുപോയി.
















