കട്ടപ്പന: പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന റോഡ് നന്നാക്കാന്‍ ഇനിയും നടപടിയില്ല. ടാറിങ് പൊട്ടിപ്പൊളിഞ്ഞ് റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. നഗരസഭയായി ഉയര്‍ത്തപ്പെട്ടിട്ടും റോഡ് ടാറിംഗ് നടത്താന്‍ ബന്ധപ്പെട്ടവര്‍ വൈമനസ്യം കാട്ടുകയാണ്. സ്റ്റാന്‍ഡില്‍ നിന്നുള്ള മുഴുവന്‍ ബസുകളും ഇതുവഴിയാണ് കടന്നുപോകുന്നത്. റോഡിനു വിസ്താരമില്ലാത്തതിനാല്‍ ഒരേസമയം രണ്ട് വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ കഴിയില്ല. ബസുകള്‍ ഇരുഭാഗത്തു നിന്നും എത്തിയാല്‍ മിനിറ്റുകളോളം ഗതാഗതം സ്തംഭിക്കുകയാണ്. ഗതാഗതക്കുരുക്ക് മറികടക്കാന്‍ ബസുകള്‍ പിന്നോട്ടെടുക്കുന്നത്. അപകടങ്ങള്‍ക്കും കാരണമാകുന്നു. ഇതിനിടെ റോഡ് പൂര്‍ണമായി തകര്‍ന്നത് ഡ്രൈവര്‍മാര്‍ക്കു പ്രതിസന്ധി സൃഷ്ടിക്കുന്നു. സദാസമയവും വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ ഇതുവഴി കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. രാവിലെയും വൈകിട്ടും ആയിരക്കണക്കിനു സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഇതുവഴിയാണ് വിദ്യാലയങ്ങളിലേക്ക് പോകുന്നത്. നടപ്പാതയില്ലാത്തതിനാല്‍ ഭീതിയോടെയാണ് ഇവര്‍ സഞ്ചരിക്കുന്നത്. ടാറിങ് തകര്‍ന്ന് രൂപപ്പെട്ട ഗര്‍ത്തത്തില്‍ പതിച്ച് നിരവധി ഇരുചക്ര വാഹനയാത്രികരാണ് ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുള്ളത്. കൂടാതെ മഴക്കാലമായതോടെ ഇവിടെ വെള്ളക്കെട്ടും രൂപപ്പെടുന്നു. പാതയുടെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിവേദനം നല്‍കിയിട്ടും പരിഹാരമുണ്ടായിട്ടില്ല.
















