തലശ്ശേരി: തലശ്ശേരിയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎം ശ്രമം തുടരുന്നു. ഇന്നലെ പുലര്‍ച്ചെ കൊളശ്ശേരി-ഇടത്തിലമ്പലം റോഡിലെ അയോധ്യ ബസ്‌ഷെല്‍ട്ടര്‍ സിപിഎം ക്രിമിനല്‍ സംഘം തകര്‍ത്തു. കൊളശ്ശേരി-ഇടത്തിലമ്പലം തലശ്ശേരി റൂട്ടില്‍ ബസ് സര്‍വ്വീസ് ആരംഭിച്ചതിന് ശേഷം 1989ല്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് ബസ് കാത്തിരിപ്പ് കേന്ദ്രമാണ് സിപിഎമ്മുകാര്‍ ഇന്നലെ തകര്‍ത്തത്. ഈ ബസ്‌കാത്തിരിപ്പ് കേന്ദ്രം ഇതിന് മുമ്പും പലതവണ തകര്‍ത്തിരുന്നു. എന്നാല്‍ നാട്ടുകാരുടെ സഹകരണത്തോടെ പുന:സ്ഥാപിക്കുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം നാട്ടിലാകെ സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടക്കുന്ന ശ്രമത്തിന്റെ ഭാഗമാണ് ഷെല്‍ട്ടര്‍ തകര്‍ത്തതിന് പിന്നിലെന്ന് ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് പി.പി.സുരേഷ് ബാബു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകനായ ജിജേഷിന്റെ വീടിന് നേരെയും അക്രമം നടത്തിയിരുന്നു.
നേരത്തേ ഈ ഷെല്‍ട്ടര്‍ കരിയോയിലൊഒഴിച്ച് വികൃതമാക്കിയിരുന്നു. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടും ശക്തമായ നടപടിയെടുക്കാത്തതാണ് വീണ്ടും അക്രമം നടത്തുവാന്‍ സിപിഎം ക്രിമിനല്‍ സംഘത്തിന് പ്രചോദനം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















