ന്യൂദല്‍ഹി: ബലാത്സംഗത്തെക്കുറിച്ചുളള വിവാദ പരാമര്‍ശത്തിന് ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വിളിച്ച് വരുത്തി വിശദീകരണം തേടുമെന്ന് ദേശീയ വനിതാ കമ്മീഷന്‍. പരാമര്‍ശം വളരെ ഗൗരവത്തോടെയാണ് കമ്മീഷന്‍ പരിഗണിക്കുന്നതെന്നും അധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞു. എന്ത് കൊണ്ടാണ് ഇത്തരം ഒരു പരാമര്‍ശം നടത്തിയതെന്ന് കഴിഞ്ഞാഴ്ച കമ്മീഷന്‍ രേഖാമൂലം ചോദിച്ചിരുന്നുവെന്നും എന്നാല്‍ ഇതിന് മറുപടി നല്‍കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
അത് കൊണ്ട് തന്നെ സല്‍മാനെ ഉടന്‍ തന്നെ വിളിച്ച് വരുത്തി വിശദീകരണം തേടും. ഏഴ് ദിവസത്തിനകം മാപ്പ് പറയണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയ വനിത നയത്തിന്റെ കരടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലളിത കുമാരമംഗലം.
മോത്തിഹാരി ബലാത്സംഗക്കേസടക്കം അഞ്ച് ബലാത്സംഗക്കേസുകളും കമ്മീഷന്‍ പരിഗണിക്കുന്നുണ്ട്. മോത്തിഹാരി ബലാത്സംഗക്കേസ് വളരെ ഭീകരമാണെന്നും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ സമയം ചോദിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു. ബീഹാറില്‍ അടുത്തിടെ നടന്ന നാല് ബലാത്സംഗങ്ങളും അതീവ ഗൗരവമായ മനുഷ്യാവകാശ ലംഘനങ്ങളായാണ് കമ്മീഷന്‍ കാണുന്നത്.
ഇതില്‍ പോലീസിന്റെ പങ്കും സംശയാസ്പദമാണ്. ഈ കേസുകളില്‍ ഫയലുകള്‍ നഷ്ടപ്പെട്ടതിലും ദുരൂഹതയുണ്ട്. സംഭവത്തില്‍ പ്രഥമ വിവര റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടില്ല. കേസില്‍ രാഷ്‌ട്രീയക്കാര്‍ക്ക് യാതൊരു താത്പര്യവും ഇല്ല. ഓണ്‍ലൈന്‍ ട്രോളുകള്‍ വന്‍ തോതില്‍ വര്‍ദ്ധിച്ച് വരികയാണെന്നും എന്നാല്‍ അവയ്‌ക്കെതിരെ പരാതികളൊന്നും ലഭിക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ അവയ്‌ക്ക് മേല്‍ യാതൊരു നടപടികളുടെയും ആവശ്യമില്ലെന്നും കമ്മീഷന്‍ ഇതേക്കുറിച്ചുളള ചോദ്യത്തോട് പ്രതികരിച്ചു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടക്കം ട്രോളിന് വിധേയരാകുന്നുണ്ട്. ദേശീയ വനിതാ നയത്തിന്റെ കരടുമായി ബന്ധപ്പെട്ട് ഒരു ദിവസം മുഴുവന്‍ നീണ്ട ചര്‍ച്ചയില്‍ സ്ത്രീകളുടെ വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, പോഷണം, ഭരണം, സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍, കാലാവസ്ഥ വ്യതിയാനം തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ആസാം സര്‍ക്കാരും ആസാം വനിതാ കമ്മീഷനും ദേശീയ വനിതാ കമ്മീഷനുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
















