ചെന്നൈ: തമിഴ്‌നാട്ടിലെ നുങ്കപ്പാക്കം റെയില്‍വേസ്റ്റേഷനില്‍ ഐടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി പബ്ലിക് പ്രൊസിക്യൂട്ടറെ വിളിച്ച് വരുത്തി വിശദീകരണം തേടി. കൊലപാതകത്തിന്റെ അന്വേഷണത്തില്‍ ലോക്കല്‍, റെയില്‍വേ പോലീസ് വിഭാഗങ്ങള്‍ തമ്മില്‍ മതിയായ ഏകോപനമില്ലെന്ന മാധ്യമറിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി. മാധ്യമറിപ്പോര്‍ട്ടുകള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസുമാരായ എസ്.നാഗമുത്തുവും വി. ഭാരതിദാസനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പബ്ലിക് പ്രൊസിക്യൂട്ടര്‍ എസ്.ഷണ്‍മുഖ വേലായുധത്തോട് നിര്‍ദ്ദേശിച്ചു.
കേസ് സിറ്റി പോലീസിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് നേരത്തെ സിറ്റി പോലീസ് കമ്മീഷണര്‍ പ്രസ്താവിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇത്തരം സംഭവങ്ങളില്‍ ദിശാസൂചികയായി പ്രവര്‍ത്തിക്കാനുളള സാമൂഹ്യ ഉത്തരവാദിത്തം കോടതിയ്‌ക്കുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
അജ്ഞാതനായ ഒരാള്‍ ഇക്കഴിഞ്ഞ 24നാണ് സ്വാതി എന്ന ഐടി ജീവനക്കാരിയെ റെയില്‍വേസ്‌റ്റേഷനില്‍ വച്ച് കുത്തിക്കൊന്നത്. നുങ്കപ്പാക്കം റെയില്‍വേസ്റ്റേഷനിലായിരുന്നു സംഭവം. രാവിലെ ആറരയോടെ ജോലി സ്ഥലത്തേക്ക് പോകാനായി സബര്‍ബന്‍ ട്രെയിന്‍ കാത്ത് നില്‍ക്കവെയാണ് ദാരുണസംഭവം അരങ്ങേറിയത്.
കഴിഞ്ഞ കൊല്ലം ആസിഡ് ആക്രമണത്തില്‍ പുതുച്ചേരിയില്‍ ഒരു യുവതി മരിച്ച സംഭവത്തെ തുടര്‍ന്ന് ആസിഡ് വില്‍പ്പനയ്‌ക്ക് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.
















