ന്യൂദല്‍ഹി: വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപങ്ങള്‍ക്കെതിരായ നടപടികളിലൂടെ ലഭിച്ച രണ്ട് വിവരങ്ങളില്‍ മാത്രം 13,000 കോടിയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് കണ്ടെത്തി. 2011ലെയും 2013ലെയും രണ്ട് സെറ്റ് വിവരങ്ങളിലൂടെയാണ് കണ്ടെത്തല്‍.
എച്ച്എസ്ബിസിയുടെ ജനീവ ശാഖയില്‍ മാത്രം 400 ഓളം ഭാരതീയരുടെ കള്ളപ്പണ നിക്ഷേപങ്ങളുണ്ട്.
ഫ്രഞ്ച് സര്‍ക്കാരില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ ലഭ്യമായത്. ഇങ്ങനെ കണ്ടെത്തിയ 8,186 കോടിയുടെ കള്ളപ്പണ നിക്ഷേപങ്ങളില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന പിഴയായ 5,377 കോടി രൂപയാണ് മാര്‍ച്ച് 31നകം അടയ്‌ക്കാന്‍ നിര്‍ദ്ദേശിച്ചത്. എച്ച്എസ്ബിസിയിലെ 628 നിക്ഷേപങ്ങളില്‍ 213 എണ്ണം നടപടിയെടുക്കാനാവാത്തത്. ഇതില്‍ ഒന്നുകില്‍ പണമില്ല, അല്ലെങ്കില്‍ ഭാരതത്തില്‍ താമസിക്കുന്നവരല്ല. ചില നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇനിയും കണ്ടെത്താനുമായിട്ടില്ല. ഇതുവരെ 398 നിക്ഷേപകരെ കണ്ടെത്താന്‍ ആദായനികുതി വകുപ്പിനായി.
2013ല്‍ വാഷിങ്ടണിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കണ്‍സോര്‍ഷ്യം (ഐസിഐജെ) കള്ളപ്പണ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. 5,000 കോടി രൂപയുടെ നിക്ഷേപങ്ങളില്‍ 700 ഭാരതീയരുടെ ബന്ധങ്ങള്‍ കണ്ടെത്താന്‍ ആദായ നികുതി വകുപ്പിനായി.
ഐസിഐജെ പുറത്തുവിട്ട രേഖകളുമായി ബന്ധപ്പെട്ട് 55 കേസുകള്‍ വകുപ്പ് വിവിധ കോടതികളില്‍ ഫയല്‍ ചെയ്തു. തെറ്റായ വിവരങ്ങള്‍ നല്‍കിയവര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുകള്‍ എടുത്തിട്ടുള്ളത്. എച്ച്എസ്ബിസി ജനീവ ശാഖയിലെ കണ്ടെത്തലുകളുമായി ബന്ധപ്പെട്ട് 75 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കള്ളപ്പണം സംബന്ധിച്ച പിഎംഎല്‍ നിയമ പ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഇവരുടെ സ്വത്ത് വിവരങ്ങള്‍ കണ്ടുകെട്ടാം.
കള്ളപ്പണം വെളിപ്പെടുത്താനുള്ള ഏകജാലക സംവിധാനം വഴി വിവരങ്ങള്‍ നല്‍കാത്തവര്‍ക്കെതിരെയാണ് നടപടികള്‍ കടുപ്പിക്കുന്നത്.
സപ്തംബര്‍ 30 വരെ കള്ളപ്പണം വെളിപ്പെടുത്തി പിഴ അടച്ച് നിയമനടപടികളില്‍ നിന്നു രക്ഷപ്പെടാനുള്ള അവസരം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രഖ്യാപിച്ചിരുന്നു.
















