പാരീസ്: യൂറോ 2016ന്റെ നോക്കൗട്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് പോളണ്ടുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് 6.30ന് കിക്കോഫ്. രാത്രി 9.30ന് നടക്കുന്ന പോരാട്ടത്തില്‍ വെയ്ല്‍സ് വടക്കന്‍ അയര്‍ലന്‍ഡുമായും രാത്രി 12.30ന് ക്രൊയേഷ്യ പോര്‍ച്ചുഗലുമായും ഏറ്റുമുട്ടും.
പോര്‍ച്ചുഗല്‍-ക്രൊയേഷ്യ
യൂറോ 2016-ലെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ക്രിസ്റ്റ്യനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും മരിയോ മാന്‍സുകിച്ചിന്റെ ക്രൊയേഷ്യയും ഇന്ന് ഏറ്റുമുട്ടും. ലെന്‍സില്‍ രാത്രി 12.30ന് കിക്കോഫ്. ഗ്രൂപ്പ് എഫില്‍ മൂന്നാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ അവസാന 16-ല്‍ ഇടംപിടിച്ചത്. ഗ്രൂപ്പ് മത്സരങ്ങളില്‍ ഐസ്ലന്‍ഡിനോടും ആസ്ട്രിയയോടും ഹംഗറിയോടും സമനില പാലിച്ച് മൂന്ന് പോയിന്റുമായാണ് നോക്കൗട്ടിലേക്ക് മുന്നേറിയത്.
നാല് ഗോളുകള്‍ അടിച്ച അവര്‍ നാലെണ്ണം വഴങ്ങുകയും ചെയ്തു. ഹംഗറിക്കെതിരായ നിര്‍ണായക മത്സരത്തില്‍ വിശ്വരൂപം പൂണ്ട ക്രിസ്റ്റിയാനോയുടെ മാന്ത്രിക പ്രകടനമാണ് പറങ്കികള്‍ക്ക് തുണയായത്. രണ്ട് ഗോളുകളാണ് ക്രിസ്റ്റിയാനോ ഈ കൡയില്‍ നേടിയത്.
പോര്‍ച്ചുഗല്‍ നിരയില്‍ ക്രിസ്റ്റിയാനോക്കൊപ്പം നാനിയാണ് പ്രധാന താരം. എന്നാല്‍ മധ്യനിരതാരം ആന്ദ്രെ ഗോമസും പ്രതിരോധനിരയിലെ കരുത്തന് റാഫേല്‍ ഗ്വരേരോയും ഇന്ന് കളിക്കുമോ എന്ന കാര്യം ഉറപ്പില്ല.
എങ്കിലും മികച്ച താരനിരയാണ് പറങ്കികള്‍ക്കുള്ളത്. എന്നാല്‍ അവസരത്തിനൊത്ത് ഉയര്‍ന്നു കൡക്കാന്‍ അവര്‍ക്കാകുന്നില്ല എന്നതാണ് പ്രധാന പ്രശ്നം.
ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായാണ് ക്രൊയേഷ്യന്‍ കുതിപ്പ്. തുര്‍ക്കിയെയും നിലവിലെ ചാമ്പ്യന്മാരായ സ്പെയിനിനെയും കീഴടക്കിയ അവര്‍ ചെക്ക് റിപ്പബ്ലിക്കുമായി സമനില പാലിച്ചു. അഞ്ച് ഗോളുകള്‍ നേടിയ അവര്‍ മൂന്നെണ്ണം വഴങ്ങുകയും ചെയ്തു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സ്പെയിനിനെ കീഴടക്കിയത് അവരുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കും.
മരിയോ മാന്‍സുകിച്ചിന് പുറമെ രണ്ട് ഗോളുകള്‍ നേടിയ ഇവാന് പെരിസിച്ച്, പ്ലേ മേക്കര്‍ ലൂക്കാ മോഡ്രിച്ച്, ഇവാന് റാക്കിറ്റിക്, നിക്കോള കാലിനിക്ക്, ക്യാപ്റ്റന്‍ ഡാരിജോ സര്‍ന എന്നിവരാണ് ടീമിലെ വമ്പന്മാര്. മുന്‍പ് ഇരുടീമുകളും മൂന്നുതവണ ഏറ്റുമുട്ടിയപ്പോള്‍ വിജയം പറങ്കികള്‍ക്കൊപ്പമായിരുന്നു. ഇന്നും വിജയിച്ചാല്‍ പോര്‍ച്ചുഗലിന് തുടര്‍ച്ചയായ ആറാം ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാം. മറിച്ച് ക്രൊയേഷ്യയാണ് വിജയിക്കുന്നതെങ്കില്‍ 1996നുശേഷം ആദ്യമായി അവരും അവസാന എട്ടില്‍ കളിക്കും.
സ്വിറ്റ്സര്‍ലന്‍ഡ്-പോളണ്ട്
ഗ്രൂപ്പ് എയില്‍ നിന്ന് ഫ്രാന്‍സിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് സ്വിറ്റ്സര്‍ലന്‍ഡ് അവസാന 16-ല്‍ ഇടംപിടിച്ചത്. ഗ്രൂപ്പിലെ മൂന്ന് കളികളില്‍ അല്‍ബേനിയയെ 1-0ന് തോല്‍പ്പിച്ചപ്പോള്‍ റുമാനിയയെ 1-1നും ഫ്രാന്‍സിനെ ഗോള്‍രഹിത സമനിലയിലും തളച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് ഗോള്‍ മാത്രം നേടാന്‍ കഴിഞ്ഞ അവര്‍ ഒരെണ്ണം വഴങ്ങുകയും ചെയ്തു. യൂറോകപ്പിന്റെ ചരിത്രത്തില്‍ മൂന്നാം തവണ കളിക്കാനെത്തിയ സ്വിറ്റ്സര്‍ലന്‍ഡ് ആദ്യമായാണ് നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിക്കുന്നത്.
പോളണ്ടിന്റെയും മൂന്നാം യൂറോ കപ്പാണിത്. 2008 മുതല്‍ കളിക്കുന്ന അവരും ആദ്യമായാണ് പ്രീ ക്വാര്‍ട്ടറില്‍ കളിക്കാനിറങ്ങുന്നത്. ഗ്രൂപ്പ് സിയില്‍ നിന്ന് ജര്‍മ്മനിക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് അവരും യോഗ്യത നേടിയത്. മൂന്ന് കളികളില്‍ രണ്ട് വിജയവും ഒരു സമനിലയുമടക്കം 7 പോയിന്റ് നേടി ജര്‍മ്മനിക്കൊപ്പം നിന്നെങ്കിലും മികച്ച ഗോള്‍ ശരാശരിയില്‍ ജര്‍മ്മനി ഒന്നാമതായി. രണ്ട് ഗോളുകള്‍ നേടിയ അവര്‍ ഒരെണ്ണവും വഴങ്ങിയില്ല.
ബയേണ്‍ മ്യൂണിച്ചിന്റെ സൂപ്പര്‍താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയാണ് അവരുടെ മുന്നേറ്റനിരയിലെ കുന്തമുന. എന്നാല്‍ ടൂര്‍ണമെന്റിലിതുവരെ ഒരു ഗോള്‍ പോലും നേടാന്‍ ഈ സൂപ്പര്‍താരത്തിന് കഴിഞ്ഞിട്ടില്ല. മിലികും ബ്ലാസികോവ്സ്കിയുമാണ് അവരുടെ ഗോളുകള്‍ നേടിയത്. ഇന്ന് കരുത്തുറ്റ പ്രതിരോധം തീര്‍ക്കുന്ന സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ലെവന്‍ഡോവ്സ്കി മികച്ച ഫോമിലേക്കുയരുമെന്നാണ് ടീം വിശ്വസിക്കുന്നത്.
കഴിഞ്ഞ മത്സരങ്ങളില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ലെവന്‍ഡോവ്സ്കി അതെല്ലാം തുലച്ചുകളയുകയായിരുന്നു. ഒപ്പം മികച്ച പ്രതിരോധവും അവര്‍ക്കുണ്ട്. ഗ്രൂപ്പ് മത്സരങ്ങളില്‍ പ്രതിരോധനിരയും ഗോള്‍കീപ്പര്‍ ഫാബിയാന്‍സ്കിയും മികച്ച ഫോമിലാണ്. അതിനാല്‍ ഷര്ദാന് ഷാക്കിരിയും അഡ്മിര്‍ മെഹ്മെദിയും ഉള്‍പ്പെട്ട സ്വിസ് നിര വിയര്‍ക്കാനിടയുണ്ട്. എന്നാല്‍ കണക്കിലെ കളികളില്‍ മുന്‍തൂക്കം പോളിഷ് പടക്ക്.
കഴിഞ്ഞ പത്ത് മത്സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയതില്‍ നാലില്‍ വിജയം പോളണ്ട് സ്വന്തമാക്കിയപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ അക്കൗണ്ടിലുള്ള ഒരു വിജയം. ഇതും പോളണ്ടിന് ആത്മവിശ്വാസമേകുന്നു. ജയിച്ചാല്‍ ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടറില്‍ കടക്കാമെന്നതിനാല്‍ ഇരുടീമുകളും തമ്മില്‍ വാശിയേറിയ പോരാട്ടത്തിനായിരിക്കും ഇന്ന് സാക്ഷ്യം വഹിക്കുക.
വെയ്ല്‍സ്-വടക്കന്‍ അയര്‍ലന്‍ഡ്
പാരീസിലെ പാര്‍ക്ക് ഡി പ്രിന്‍സസില്‍ നടക്കുന്ന രണ്ടാം പ്രീ ക്വാര്‍ട്ടറില്‍ വെയ്ല്‍സും വടക്കന്‍ അയര്‍ലന്‍ഡും ഏറ്റുമുട്ടും. ആദ്യമായി യൂറോയില്‍ കളിക്കാനെത്തിയവരാണ് ഇരുടീമുകളും. ഗ്രൂപ്പ് ബിയില്‍ നിന്ന് ഇംഗ്ലണ്ടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ചാമ്പ്യന്മാരായാണ് വെയ്ല്‍സ് അവസാന 16-ല്‍ ഇടംപിടിച്ചത്. ഗ്രൂപ്പ് സിയില്‍ നിന്ന് ഏറ്റവും മികച്ച മൂന്നാം സ്ഥാനാക്കാരിലൊരു ടീമായാണ് വടക്കന്‍ അയര്‍ലന്‍ഡിന്റെ വരവ്.
ഗ്രൂപ്പ് മത്സരങ്ങളില്‍ വെയ്ല്‍സ് ഇംഗ്ലണ്ടിനോട് 2-1ന് പരാജയപ്പെട്ടെങ്കിലും സ്ലോവാക്യയെ 2-1നും റഷ്യയെ 3-0നും തകര്‍ത്തു. ആറ് ഗോളുകള്‍ അവര്‍ അടിച്ചപ്പോള്‍ വഴങ്ങിയത് രണ്ടെണ്ണം. മൂന്നു കളികളില്‍ നിന്ന് മൂന്ന് ഗോള്‍ നേടിയ സൂപ്പര്‍ താരം ഗരെത് ബെയ്ലിന്റെ കാലുകളിലാണ് വെയ്ല്‍സിന്റെ കുതിപ്പ്. ആരോണ്‍ റംസി, റോബ്സണ് കാനു, ഡേവിഡ് എഡ്വേര്‍ഡ്സ്, സാം വോക്സ്, ക്യാപ്റ്റന്‍ ആഷ്ലി വില്ല്യംസ്, ഉപനായകന്‍ ജോ ലെഡ്ലി എന്നിവരാണ് ടീമിലെ പ്രധാനികള്‍.
ഗ്രൂപ്പ് സിയില്‍ ജര്‍മ്മനിക്കും പോളണ്ടിനും പിന്നില്‍ മൂന്നാമതായാണ് വടക്കന്‍ അയര്‍ലന്‍ഡ് ഫിനിഷ് ചെയ്തത്. എങ്കിലും ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്ക് നോക്കൗട്ട് റൗണ്ടില്‍ ഇടം ലഭിച്ചപ്പോള്‍ അവരിലൊന്നായാണ് വടക്കന്‍ അയര്‍ലന്‍ഡ് മുന്നേറിയത്. പോളണ്ടിനോടും ജര്‍മ്മനിയോടും 1-0ന് പരാജയപ്പെട്ടെങ്കിലും ഉക്രെയിനെ 2-0ന് പരാജയപ്പെടുത്തി. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകള്‍ വഴങ്ങിയ അവര്‍ രണ്ടണ്ണെം നേടുകയും ചെയ്തു. സതാംപ്ടന്റെ സ്റ്റീവന്‍ ഡേവിസ് നായകനായ വടക്കന്‍ അയര്‍ലന്‍ഡ് പൊരുതാന്‍ ഉറച്ച മനസ്സുമായാണ് വെയ്ല്‍സിനെ അട്ടിമറിക്കാനൊരുങ്ങുന്നത്.
എന്നാല്‍ മുന്‍പ് ഇരുടീമുകളും തമ്മില്‍ 96 മത്സരങ്ങളില്‍ ഏറ്റുമുട്ടി. ഇതില്‍ 45 എണ്ണത്തിലും വെയ്ല്‍സ് വിജയം നേടിയപ്പോള്‍ വടക്കന്‍ അയര്‍ലന്റ് വിജയം 27-ല്‍ ഒതുങ്ങി. അതേസമയം ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയ മത്സരം 1-1ന് സമനിലയില്‍ കലാശിച്ചു. എന്തായാലും ബെയ്ല്, റംസി എന്നിവരില്‍ വിശ്വാസമര്‍പ്പിച്ച് വെയ്ല്‍സും ചരിത്രം കുറിക്കണമെന്ന ഉറച്ച വിശ്വാസത്തില്‍ കൊമ്പുകോര്‍ക്കാനിറങ്ങുമ്പോള്‍ തീപാറും പോരാട്ടം പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: