സ്വന്തം ലേഖകന്‍
വടകര: വടകര താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ പകര്‍ച്ചപ്പനിയും വയറിളക്കവും പടരുന്നു. വടകരയിലെ എല്ലാ ആശുപത്രികളിലും രോഗബാധിതരുടെ എണ്ണം കൂടിവരികയാണ്. വടകര ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞദിവസം ഒട്ടേറെപ്പേരാണ് ഒപിയില്‍ ചികിത്സ തേടിയെത്തിയത്. വടകര നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വില്യാപ്പള്ളി, ഏറാമല, മണിയൂര്‍ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് ആളുകള്‍ ചികിത്സ തേടി ജില്ലാ ആശുപത്രിയില്‍ എത്തുന്നത്.
ഭക്ഷണപദാര്‍ത്ഥങ്ങളിലൂടെയാണ് വയറിളക്കത്തിന് കാരണമായ ഷിഗലുസോണി എന്ന ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇത് ശരീരത്തില്‍ പ്രവേശിച്ചാല്‍ പെട്ടെന്ന്വ്യാപിക്കുകയും തലച്ചോറിലേക്ക് എത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശുചിത്വകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
വടകര മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വയറിളക്കം ബാധിച്ചു രണ്ട് മരണമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കേണ്ട സ്ഥിതിയാണുള്ളത്. ജനങ്ങളില്‍ ബോധവല്ക്കരണംനടത്താനുള്ള ശ്രമമാണ് ആരോഗ്യവിഭാഗം അധികൃതര്‍ ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ ആശാവര്‍ക്കര്‍മാര്‍ വീടുകള്‍ കയറി ജനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും. വാര്‍ഡുകളിലെ ജനപ്രതിനിധികളെയും വിവിധ സംഘടനാ ഭാരവാഹികളെയും ഉള്‍പ്പെടുത്തി ബോധവല്‍ക്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
















