ന്യൂദല്‍ഹി: പൊട്ടാസ്യം ബ്രോമേറ്റ് അടങ്ങിയ ബ്രഡുകള്‍ക്കും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും ഭാരതത്തില്‍ നിരോധനം. നിരോധനം തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്നു. സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് നടത്തിയ പഠനത്തില്‍ ബ്രഡുകളില്‍ ക്യാന്‍സറിന് കാരണമാകുന്ന വിഷാംശങ്ങള്‍ അടങ്ങിയതായി കണ്ടെത്തിയിരുന്നു.
പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവയുള്‍പ്പെടെ 84 ഓളം അപകടകാരികളായ രാസവസ്തുക്കളാണ് ബ്രഡുകളില്‍ അടങ്ങിയിട്ടുണ്ടെന്ന് സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് കണ്ടെത്തിയിരുന്നു. ഇവയില്‍ പ്രമുഖ ബ്രാന്‍ഡുകളായ കെഎഫ്സി, മക്ഡൊണാള്‍ഡ്, ഡൊമിനോസ്, സബ് വേ, പിസ്സഹട്ട് എന്നിവയുള്‍പ്പെടുന്നു.
പൊട്ടാസ്യം ബ്രോമേറ്റ് കാന്‍സറിന് കാരണമാകുമെന്ന് നേരത്തെ പഠനങ്ങള്‍ വഴി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളില്‍ അനുവദനീയമായ രാസവസ്തുക്കളില്‍ നിന്ന് പൊട്ടാസ്യം ബ്രോമേറ്റ് നീക്കം ചെയ്യാന്‍ എഫ്‌എസ്‌എസ്‌ഐ കേന്ദ്രത്തോട് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് വിപണി കീഴടക്കിയ 38 ഓളം ബ്രാന്‍ഡ് ബ്രഡുകളില്‍ 84 ശതമാനം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
ബ്രസീല്‍, കാനഡ, യൂറോപ്യന്‍ യൂണിയന്‍, നൈജീരിയ, പെറു, കൊറിയ എന്നീ രാജ്യങ്ങള്‍ പൊട്ടാസ്യം ബ്രോമേറ്റും പൊട്ടാസ്യം അയോഡേറ്റും ഭക്ഷണപഥാര്‍ത്ഥങ്ങളില്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
















