ബംഗളുരു: കര്‍ണാടക എംഎല്‍എയും നടനുമായ എം.എച്ച്. അംബരീഷ് നിയമസഭാംഗത്വം രാജിവച്ചു. മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി.
എന്നാല്‍ ഇദ്ദേഹത്തിന്റെ രാജി കര്‍ണാടക സ്പീക്കര്‍ സ്വീകരിച്ചില്ല. അംബരീഷ് നേരിട്ട് രാജി സമര്‍പ്പിച്ചില്ല എന്ന സാങ്കേതിക പ്രശ്‌നം ഉന്നയിച്ചാണ് രാജി നിരസിച്ചതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ശിവശങ്കര റെഡ്ഡി പറഞ്ഞു.
മാണ്ഡ്യയില്‍നിന്നുള്ള നിയമസഭാംഗമാണ് അംബരീഷ്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ മോശം പ്രതിഛായയുടെ പേരില്‍ 14 മന്ത്രിമാരെ ഒഴിവാക്കി 13 പുതുമുഖങ്ങളെ മന്ത്രിമാരാക്കിയത്.
അതേസമയം, അംബരീഷും മുതിര്‍ന്നനേതാവ് ശ്രീനിവാസപ്രസാദും അടക്കമുള്ളവരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധം പലയിടത്തും അക്രമാസക്തമായി. ഗുല്‍ബര്‍ഗ, മാണ്ഡ്യ, മൈസൂര്‍, ബംഗളുരു എന്നിവിടങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടക്കുന്നുണ്ട്.
അംബരീഷിനെ ഒഴിവാക്കിയതിനെതിരെ കര്‍ണാടകയിലെ സിനിമാ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സിനിമാ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
















